ബുക്ക് റിവ്യൂ
സമുദ്രശില
സുഭാഷ് ചന്ദ്രൻ
വേദവ്യാസനിൽ നിന്നും കടമെടുത്ത സുഭാഷ് ചന്ദ്രന്റെ അംബ, കൂടെ അവരുടെ മകൻ അപ്പുവും. എഴുത്തിന്റെ ക്രാഫ്റ്റിലും കുറച്ച് റിഗ്രെസ്സിവ് ആയ, എഴുത്തുകാരന്റെ ആത്മരതി നിറയുന്ന അനുഭവം...!പുരാണത്തിൽ നിന്നാണ് ആദ്യ അദ്ധ്യായം.വേദവ്യാസനെ കാണാൻ വരുന്ന അംബയും അവൾക്ക് വ്യാസനോടുള്ള ചില സംശയങ്ങൾ /ചോദ്യങ്ങളിലൂടെ ആണ് കഥ തുടങ്ങുന്നത്. വ്യാസനിൽ നിന്നും തന്റെ സഹോദരിമാരായ അംബികയ്ക്കും അംബാലികയ്ക്കും ഉണ്ടായ രണ്ട് കുട്ടികളും(പാണ്ഡുവും, ദൃതരഷ്ട്രരും ) ശാരീരികമായ ന്യൂന്യതകൾ ഉള്ളവർ ആയിരുന്നു.തനിക്കും വേദവ്യാസനിൽ നിന്നും ഒരു കുട്ടി ഉണ്ടാവുകയാണെകിൽ അത് എങ്ങനെ ആയിരിക്കും എന്നാണ് ചോദ്യം. അംബ സ്വന്തം ഇഷ്ടപ്രകാരം അല്ല തനിക്ക് വഴങ്ങുന്നത് എങ്കിൽ തീർച്ചയായും അതും ന്യൂന്യതകൾ ഉള്ള കുട്ടി ആയിരിക്കും എന്നാണ് വ്യാസൻ കൊടുക്കുന്ന മറുപടി.തുടർന്ന് വ്യാസൻ എഴുതാൻ പോകുന്ന, "അതിൽ ഉള്ളത് എവിടെ എങ്കിലും കാണും അതിൽ ഇല്ലാത്തത് ഒരിടത്തും കാണില്ല", എന്ന് വ്യാസൻ തെന്നെ അഹങ്കരിക്കുന്ന /അഭിമാനിക്കുന്ന ആയിരത്തോളം കഥാപാത്രങ്ങൾ വരുന്ന മഹാഭാരത കഥയിൽ - "ഉപാധികൾ ഇല്ലാത്ത സ്നേഹം" ഉണ്ടാകുമോ എന്നാണ് അംബയുട ചോദ്യം. വ്യാസനെ പോലും കുഴപ്പിച്ച ചോദ്യം... !കഥ പിന്നീട് പുരാണത്തിൽ നിന്നും കോഴിക്കോട്ടെ ഒരു മഴക്കാലത്തിലേക്കാണ് വരുന്നത് - ഇടവവും, മിഥുനവും, കർക്കിടവവും നിപ്പയും, പ്രളയവും വന്ന ഒരു കാലമാണ് കഥാ പരിസരം. കോഴിക്കോട് ഒരു ചെറിയ ഫ്ലാറ്റിൽ അംബ എന്ന സ്ത്രീയും തന്റെ സെറിബ്രൽ പാൾസി /ഓട്ടിസം എന്നീ രോഗാവസ്ഥകൾ ഉള്ള തന്റെ മകനായ അപ്പുവിന്റെയു കഥ ആണ് പിന്നീട് സമുദ്രശില മുഴുവൻ. എം മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പരേതാത്മാക്കൾ തുമ്പികൾ ആയി പാറി നടക്കുന്ന ഒരു വെള്ളിയാംകല്ലിനെ പറ്റി പറയുന്നുണ്ട്. അതെ വെള്ളിയാംകല്ല് സമുദ്രശിലയിലും ഉണ്ട്. പുതിയ നിർവചനത്തിൽ - സ്ത്രീത്വം പൂർണമാകുന്ന ഇടം, പുരുഷത്വത്തിന്റെ നീലക്കടലിനിടയിലെ തലഉയർത്തി നിൽക്കുന്ന സമുദ്രശില.വിവാഹത്തിന് മുൻപ് ഒരു രാത്രി അംബ തന്റെ കാമുകനുമായി വെള്ളിയാങ്കല്ല് വരുന്നതും അവിടെ ഒരു രാത്രി താമസിക്കുകയും ചെയ്യുന്നത് അംബയുടെ കഥയിൽ ഉണ്ട്.സമുദ്രശിലയുടെ എഴുത്തുകാരൻ കൂടിയായ സുഭാഷ് ചന്ദ്രൻ സുഹൃത്തുക്കളോട് ഒരുമിച്ച് വെള്ളിയാംകല്ല് പോകുന്നതും അതിന്റെ യാത്ര വിവരണം മാതൃഭൂമിയിൽ എഴുതുന്നതും അത് വായിക്കാൻ ഇടവരുന്ന അംബ പിന്നീട് സുഭാഷ് ചന്ദ്രനെ പരിചപ്പെടുന്നതും പിന്നീട് അവർ തമ്മിൽ മെയിൽ വഴിയും വാട്സ്ആപ്പ് വഴിയുമുള്ള സന്ദേശങ്ങളിലൂടെയുമാണ് അംബയുടെ കഥ വികസിക്കുന്നത്.സുഭാഷ് ചന്ദ്രനും കഥാ പരിസരവും യാഥാർഥ്യവും, അംബയും മകനും സുഭാഷ് ചന്ദ്രന്റെ സങ്കല്പവുമാണ്. കഥയെ കഥാപരിസരവും മഴക്കാലവും പ്രളയവും ഒക്കെ കൂട്ടി നിർത്തിയുള്ള എഴുത്ത് മനോഹരമാണ്.കഥ അംബയുടെ മാത്രമല്ല സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരന്റെ സമുദ്രശില എന്ന സൃഷ്ടി ഉണ്ടാക്കുമ്പോൾ ഉള്ള ആത്മസംഘർഷത്തിന്റേതു കൂടിയാണ്.സുഭാഷ് ചന്ദ്രന്റെ 'ആത്മരതി' ഇടക്കൊക്കെ കല്ലുകടി ആയി തോന്നി.ഓട്ടിസത്തെ പറ്റി /അത് ഉണ്ടാകാൻ ഉള്ള കാരണത്തെ പറ്റി ഒക്കെ പറയുന്നത് കുറച്ച് പിന്തിരിപ്പൻ ആയും തോന്നി. എങ്കിലും ഇതിഹാസത്തെ പിൻ പറ്റി ഈ കാലത്തേക്കുള്ള കഥയുടെ മറ്റൊരു ഭാഷ്യം, അഹങ്കാരി എന്ന് സ്വയം വിശേഷിപ്പിച്ച എഴുത്തതുകാരൻറെ 'സമുദ്രശില' ആകെ തുകയിൽ നല്ല അനുഭവം ആണ്... !

Comments
Post a Comment