ബുക്ക് റിവ്യൂ
മരുഭൂമികൾ ഉണ്ടാകുന്നത്
ആനന്ദ്മരുഭൂമിയിൽ രംഭാഗഡ് എന്നൊരിടത്തു ഒരു 'രാജ്യ സുരക്ഷ' പ്രൊജക്റ്റ് നടക്കുന്നു. കുന്ദൻ അവിടുത്തെ ലേബർ ഓഫീസർ ആണ്. സുരക്ഷ പ്രോജെക്ടിൽ ജോലി ചെയ്യാൻ ഭരണകൂടം അങ്ങോട്ട് കൊണ്ടുവരുന്നത് പുറമ്പോക്ക് മനുഷ്യരെയും, തടവുപുള്ളികളെയും. അവരിൽ പലരുടെയും ഐഡന്റിറ്റി പോലും ഫേക്ക് ആണ്. സ്വാധീനം ഉള്ളവർ പണം കൊടുത്ത് വാങ്ങിയ ഡമ്മി കുറ്റവാളികൾ /ഒരു ഗതിയും ഇല്ലാത്ത പാവങ്ങൾ ഇവരൊക്കെ ആണ് അതിൽ ഏറെയും.ഭരണകൂടത്തിന്റെ വ്യവസ്ഥിതികളോട് കലഹിച്ചു അതിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചു ആ മനുഷ്യരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുന്ന കുന്ദന്റെ ജീവിതം /ആത്മസംഘർഷങ്ങൾ അതിലൂടെ കുന്ദൻ കാണുന്ന അവരുടെ ജീവിതങ്ങൾ എന്നിവയിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഭരണകൂടം ഒരു തൊഴിലാളി കൂട്ടത്തോട് ചെയ്യുന്ന ക്രൂരതകൾ എന്ന് ഒറ്റകാഴ്ചയിൽ വായിക്കുമ്പോളും എഴുത്തിൽ ഉള്ള ഡീറ്റൈലിംഗ് ആളുകളുടെ /ചുറ്റുപാടുകളുടെ/കാര്യങ്ങളുടെ ഒരു മൾട്ടി ഡയമൻഷനൾ വായനകൂടി അനുഭവപ്പെടുത്തുന്നു.സമൂഹം എന്നാൽ പരസ്പരം താങ്ങായി നിൽക്കുന്ന കുറെ മനുഷ്യർ എന്നതാണ് ഒരു പൊതുബോധം എന്നാൽ യഥാർത്ഥത്തിൽ സമൂഹത്തിന്റെ ഈ സ്വഭാവം അംഗീകരിച്ചിട്ടേ ഇല്ലാത്ത ഒരു വലിയ കൂട്ടം അവർക്ക് അനുകൂലമായ ഏത് സാഹചര്യത്തിലും നിറത്തിന്റെയും ഭാഷയുടെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ കുറെ പേരെ എപ്പോളും പുറന്തള്ളപ്പെടുന്നു. അവർ പുറമ്പോക്കുകളായി, അഭയാർഥികൾ ആയി അവർ പിന്നീട് കുറ്റവാളികൾ ആയി മുദ്രചാർത്ത പെട്ട് ജയിലുകളിൽ/അല്ലെങ്കിൽ സമൂഹത്തിന്റെ സംശയ കണ്ണിൽ മാത്രം ജീവിക്കാൻ വിധിക്കപെടുന്നവരും ആണ്. വർഷങ്ങൾ മുൻപേ എഴുതിയ കഥയിലെ അവസ്ഥയ്ക്ക് ഇന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്നതും ആണ് . ഈ പുറമ്പോക്കുകൾ നമ്മുടെ വീട്ടിടങ്ങൾക്ക് തൊട്ട് ലോകം മുഴുവനും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നതാണ്. പുറമ്പോക്കുകൾ /അഭയാർത്ഥികൾ ആരും ഏറ്റെടുക്കാൻ ഇല്ലാതെ അവർ പെരുകികൊണ്ടേ ഇരിക്കുന്നു.ഭരണകൂടത്തിന്റെ വിധേയൻ ആയി എല്ലാ ക്രൂരതകൾക്കും കൂട്ട് നിൽക്കുന്ന ആൾ അതെ സമയം എല്ലാ വെട്ടിപിടിക്കലും/എല്ലാ മനുഷ്യത്വം ഇല്ലായ്മയും നടത്തുന്നത് തന്റെ ഭാര്യക്ക് /മക്കൾക്ക് ഒപ്പം എല്ലാ കളിചിരികളും ഉള്ള മനുഷ്യനായി ജീവിക്കാൻ കൂടി ആണെന്ന് കൂടി എഴുതുമ്പോൾ അത് നമുക്ക് ചുറ്റും ഉള്ള മനുഷ്യരുടെ കൂടി കാഴചയാണ് .അതിർത്തിയിൽ എപ്പോഴും ഉണ്ടാകേണ്ട യുദ്ധത്തിന്റെ ഭരണകൂട ആവശ്യകതയെ/ദേശീയത എന്ന ചോദ്യം ചെയ്യാനേ പാടില്ല അവസ്ഥയെ എല്ലാം ഈ കാലത്ത് വായിക്കുമ്പോൾ കൂടുതൽ കൃത്യമാണ്. അതിർത്തിയിൽ പ്രശ്നം ഇല്ലാതാകുമ്പോൾ ആളുകൾ ജീവിതത്തിലെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് വരുകയും, അത് അവർ ഭരണകൂടത്തോട് കൂട്ടായി ചോദിക്കുകയും ചെയ്യുന്ന ദിവസത്തെ ഏതൊരു ഭരണകൂടവും എല്ലാ കാലത്തും പേടിക്കുന്നുണ്ട്. ഇരക്ക് അത് അറിയില്ലെങ്കിലും വേട്ടക്കാരന് അതറിയാം. വേട്ടക്കാരൻ എന്നും ജീവിക്കുന്നത് ആ പേടിയിലും ആണ്.താഴെ ഉള്ളവരുടെ ചോദ്യങ്ങളോട് അത് എന്താണെന്ന് മനസിലാക്കി അ പ്രശ്നം ഇല്ലാതെ ആക്കാൻ അല്ല പലപ്പോഴും വരേണ്യ വർഗം ശ്രമിക്കുന്നത് മറിച്ചു കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾ അവരുടെ മേൽ കൊണ്ട് വരാനാണ് എല്ലാകാലവും ശ്രമിച്ചിട്ടുള്ളത്. തനിക്ക് താഴെ ഉള്ളവനോട് സന്ധി ഇല്ല, യുദ്ധം മാത്രം. തന്നോളമോ, അതിന് മുകളിലോ ഉള്ളവരോട് സന്ധി ആകാം, ക്ഷമാപണം ആകാം. കൂട്ടായ ചോദ്യങ്ങളെ ഭീരുക്കൾ എല്ലാ കാലത്തും പേടിച്ചിട്ടുണ്ട്, അതിന് മുകളിൽ നിയമങ്ങൾ കെട്ടിപ്പൊക്കി ഇല്ലാതെ ആക്കിയതുമാണ് ചരിത്രം.ഒരാൾ വെട്ടിപ്പിടിക്കാൻ തുടങ്ങുമ്പോൾ അവിടെ അതിരുകൾ ഇല്ല. ഒരു നാൾ എല്ലാം വെട്ടിപ്പിടിച് അയാൾ ഒരു രാജാവ് ആകും. അതാകുന്ന നിമിഷം മുതൽ പിന്നെ അതിരുകൾ കെട്ടി തനിക്ക് കൈവന്ന സൗഭാഗ്യങ്ങൾ എല്ലാം സംരക്ഷിക്കാൻ ഉള്ള തത്രപ്പാടിൽ ആകും. അവിടെ വേട്ടക്കാരൻ പിന്നീട് ഇരയായി മാറുന്നു.വാത്മീകിയുടെ പാപങ്ങളെ ഏറ്റെടുക്കാൻ സ്വന്തം പ്രിയപ്പെട്ടവർ പോലും ഉണ്ടാകില്ല എന്നാണ് അയാൾ അവസാനം തിരിച്ചറിയുന്നത്. എന്നാൽ അയാൾ ഉണ്ടാക്കിയ സൗഭാഗ്യങ്ങൾ പങ്കിടാൻ അവർ ഉണ്ട് താനും.എല്ലാ സംസ്കാരങ്ങളും ഇതേ വഴിക്ക് ഒരേ സിദ്ധാന്തത്തിലൂടെ ആണ് മുന്നോട്ട് പോയിട്ടുള്ളത്. ചങ്ങലക്കിട്ട ഒരുപാട് മനുഷ്യരുടെ പ്രയത്നം കുറച്ച് പേർ തട്ടി കൊണ്ട് പോകുന്നു.അവർ അത് നേടാൻ വേണ്ടി കെട്ടിയാടിയ വേഷങ്ങൾ മുഴുവൻ വെട്ടിപിടിക്കലിന്റയും കവർച്ചയുടെയും ആകാം. എന്നിരുന്നാലും അതിന്റ നേട്ടങ്ങളെ നമ്മൾ സ്വായത്തമാക്കും, അതാണ് നമ്മുടെ പാരമ്പര്യം എന്ന് വീമ്പു പറയും, പക്ഷെ അതിന്റ പാപങ്ങൾ നമ്മുടെ അല്ല... !നന്മകൾ നഷ്ട്ടപെട്ടു മനുഷ്യന്റെ മനസ്സിൽ രൂപപ്പെടുന്ന മരുഭൂമികൾ ആണ് കഥ നിറയെ. നമ്മുടെ ചുറ്റുപാടുകളിൽ /വീട്ടിടങ്ങളിൽ നമ്മൾ കണ്ട ആളുകൾ /രീതികൾ. ഒറ്റവായനയിൽ അവസാനിപ്പിക്കാൻ കഴിയുന്ന ഒന്നല്ല മരുഭൂമികൾ ഉണ്ടാകുന്നത്. എഴുത്തിലെ ഡീറ്റൈലിംഗ് ഒന്നിൽ കൂടുതൽ തവണ വായന ആവശ്യപ്പെടുകയും ചെയ്യുന്നതാണ്... !
Comments
Post a Comment