പൊന്നാനിയുടെ നദീതട ജീവിതങ്ങൾ
സി അഷറഫ്
സി അഷറഫിന്റെ 'പൊന്നാനിയുടെ നദീതട ജീവിതങ്ങൾ' ഒരു അടിപൊളി വായനാനുഭവം ആണ്, പ്രത്യേകിച്ചും നമുക്ക് പരിചിതമായ ഇടങ്ങൾ, സംഭവങ്ങൾ എല്ലാം കൂടി ചേരുന്ന വായന എനിക്ക് എന്റെ തെന്നെ കുട്ടികാലത്തെ ഓർമകളിലേക്കുള്ള ഒരു നൊസ്റ്റാൾജിക് റൈഡ് ആയി അനുഭവപ്പെട്ടു.
ഒരു പൊന്നാനി പരിസരവാസി ആയിട്ടും അവിടെ സി അഷറഫിനെ പോലെ ഇത്ര ലളിത സുന്ദരമായ ഭാഷയിൽ എഴുതുന്ന ഒരു പുലി ഉണ്ടെന്ന് എനിക്ക് പറഞ്ഞു തരാൻ ഒരു മൂലമറ്റം ക്കാരൻ ,പ്രിയപ്പെട്ട സുഹൃത് ഷാജി ചേട്ടൻ വേണ്ടി വന്നു . കുറച്ച് കഷ്ട്ടപെട്ടാണ് DC ബുക്സിൽ നിന്നും കോപ്പി ഒരെണ്ണം ഒപ്പിച്ചത്. അതും സ്റ്റോക്കിൽ ആകെ ഉള്ള ഒരു കോപ്പി. പഴകിയ സെയിൽ ചെയ്യാത്ത കോപ്പി ആണെന്ന് ഡിസി ക്കാരൻ പറഞ്ഞിട്ടും നീ അത് പാർസൽ ചെയ്യു മോനെ എന്ന് പറഞ്ഞത് സഖാവിന്റെ ബുക്ക് റിവ്യൂ കേട്ടിട്ടാണ്. പ്രത്യേകിച്ചും ഒരു കാലത്ത് നമ്മുടെ പ്രിയപ്പെട്ട ഇടമായ പൊന്നാനിയുടെ ജീവിതങ്ങൾ ആണ് പറയുന്നത് എന്നറിഞ്ഞപ്പോൾ...!
കുട്ടികാലത്ത് മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയ ഓർമകളെ ഈ വക എഴുത്തിലൂടെ ഈ മനുഷ്യൻ മോഹിപ്പിച്ചു കളഞ്ഞു. പൊന്നാനിയുടെ നദീതീരങ്ങളിൽ ജീവിച്ചിരുന്ന/ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ജീവിതം പറയുമ്പോൾ അതിന്റ കഥാപരിസരങ്ങൾ നമ്മളെ തൊടാതെ പോകുന്നത് എങ്ങനെ?
കുത്തി ഒലിച്ചു പെയ്യുന്ന ആദ്യ മഴയിൽ പാടവും പുഴയും ഒക്കെ ഒന്നായി ഒഴുകുന്ന രാത്രികളിൽ മീനുകൾ ചെറിയ കുളവും തോടും ഒക്കെ വിട്ട് പുഴയിലേക്കും തിരിച്ചും വെള്ളത്തിനൊപ്പം യാത്ര ചെയ്യുന്ന രാത്രികളിൽ കത്തിയും ടോർച്ചും പെട്രോമാക്സും ഒക്കെ പിടിച്ച് ഏറ്റുമീനെ വെട്ടാൻ പോയിരുന്ന പഴയകാലം ഇത്ര മനോഹമായി ഇതിന് മുൻപ് വേറെ ആരും ഓർമപ്പെടുത്തിയിട്ടേ ഇല്ല. ആ ഏറ്റുമീനെ വെള്ളത്തിൽ വെച്ച് വെട്ടി വീഴ്ത്തി ഇടാൻ കഴിവുള്ള എത്രയോ പ്രിയപെട്ടവരെ നേരിട്ടറിയാം. അവരൊക്കെ മുന്നിൽ വന്നിതാ നിന്നു, പഴയ കത്തിയും, പെട്രോമാക്സും ഒക്കെയായി...!
ശബരിമല കാലത്ത് (ഇപ്പോളത്തെ പോലത്തെ ആചാര സംരക്ഷണ ടീമുകൾ അന്ന് ഇല്ല )നന്നേ നേരത്തെ എണീറ്റ് കുളത്തിലെ വെള്ളത്തിൽ കുളിച്ച് പാപ്പന്മാരുടെ കൂടെ അയ്യപ്പൻകാവ് അമ്പലത്തിൽ പോയിരുന്ന കാലം. ഞാൻ ഇതുവരെ ശബരിമല പോയിട്ടേ ഇല്ല. നേരത്തെ എണീറ്റ് അവരുടെ കൂടെ പോകുന്നത് ഒരറ്റ ഉദ്യേശത്തിൽ ആണ്, അമ്പലത്തിൽ നിന്ന് മടങ്ങിവരുമ്പോൾ ആപ്പെട്ടന്റെ കടയിൽ നല്ല പുട്ടും പപ്പടവും കഴിക്കാൻ കിട്ടും, നല്ല മരത്തിന്റെ പുട്ടുംകുറ്റിയിൽ ഉണ്ടാക്കിയ പുട്ട്. അതിനേക്കാൾ ടേസ്റ്റ് ഉള്ള ഒരു ഭക്ഷണം ജീവിതത്തിൽ ഇന്നേ വരെ വേറെ കഴിച്ചിട്ടില്ല. അപ്പെട്ടന്റെ ചായ കട അത്താണിയിൽ ഇപ്പോൾ ഇല്ല, ആപ്പേട്ടനും. ആ പുട്ടും കടലയും, ആപ്പേട്ടനും മനസ്സിൽ വന്നു ഇത് പോലെ മുൻപ് ഒരിക്കലും വന്ന് നറഞ്ഞിട്ടില്ല, അഷറഫിന്റെ ജീവിതത്തിലെ ചായക്കടകയും അവിടുത്തെ പലഹാരങ്ങളും എന്നെ ഓർമപ്പെടുത്തിയത് അപ്പേട്ടന്റെ പുട്ടും കടലയുടെയും രുചിയാണ്.
മീൻപുരാണം ആണ് പുസ്തകത്തിന്റെ പകുതിയിൽ അധികവും. പൊന്നാനിക്കാരായ നമുക്കൊക്കെ അത് പോരെ !. വീട്ടിൽ എന്താ കറി എന്ന് ചോദിക്കുന്നതിന് പകരം ഇന്ന് എന്താ മീൻ എന്ന് ചോദിക്കുന്ന ആൾക്കാർ ഉള്ള നാട്ടിൽ മീൻപുരാണം ജീവിതത്തിന്റെ ഒരു ഭാഗം തെന്നെ അല്ലെ!.ചെറുപ്പത്തിൽ അച്ഛന്റെ വീട്ടിൽ ആയിരുന്ന കാലം. വീടിന്റെ ഉമ്മറത്ത് തെന്നെ കുളം ആണ്, പിന്നെ പാടം,അതിനോട് ചേർന്ന് പുഴ. വൈകുന്നേരങ്ങളിൽ ചൂണ്ട ഇട്ട് മീൻ പിടിച്ച് പൊരിച്ചു തിന്നിരുന്ന ആ കാലം ഇത്രയും മനോഹരമായ വേറെ ആരും ഓർമപ്പെടുത്തിയിട്ടേ ഇല്ല.
പറങ്കിമാവുകൾ പൂക്കുന്ന കാലത്ത് കശുവണ്ടി വാങ്ങാൻ ഒരു ചാക്ക് തലയിൽ ഏറ്റി, തൂക്കാൻ ഉള്ള ത്രാസും കൈയിൽ പിടിച്ച് വരാറുള്ള ആളുകളെ ഇങ്ങനെ വേറെ ആരും ഇതുവരെ ഓർമപ്പെടുത്തിയിട്ടില്ല.
ഓർമകളുടെ പുസ്തകം, പഴയ കാലത്തെ ഓർമ്മകളെ ഉണർത്തി മോഹിപ്പിച്ചാണ് വായിച്ചവസാനിപ്പിച്ചത് .
Read more at www.linesh.in
Comments
Post a Comment