സ്റ്റോക്ക്ഹോം സിൻഡ്രോം ബാധിച്ച പ്രണയങ്ങൾ !



ഒരാൾ മറ്റൊരാളെ ബന്ദി ആക്കുന്നു .കൈയും കാലും ചങ്ങലക്കിട്ടിട്ടുള്ള ബന്ദി ആക്കൽ അല്ല ,അതിനേക്കാൾ ക്രൂരമായി മാനസികമായി ഒരാളെ ബന്ദി ആക്കുന്ന പരിപാടി .മറ്റൊരാളുടെ സ്വാകര്യ ജീവിത ഇടങ്ങളിലേക്ക് അനുവാദം പോലും വാങ്ങാതെ ഉള്ള മറ്റൊരാൾ കയറി ചെല്ലുന്നു .അയാളുടെ ഇഷ്ട്ടങ്ങൾ പറയുന്നു .കേൾക്കുന്ന ആൾക്ക് ഒരു രീതിയിലും ഇഷ്ടം ആകുന്നിലെങ്കിലും തൻ്റെ ഇഷ്ടത്തിൻറെ കഥകളും ആഴങ്ങളും പറഞ്ഞു പറഞ്ഞു കേൾക്കുന്ന ആളുടെ തലച്ചോറ് പോലും പഴുപ്പിച്ചു ഒടുവിൽ ഒരുനാൾ ബന്ദിയാക്കാൻ വന്ന ആളോട് പാവം പാവം ഇരയാകുന്ന മനുഷ്യന് തോന്നുന്ന മാനസിക അവസ്ഥ ആണ് സ്റ്റോക്ക്ഹോം സിൻഡ്രോം .അഴകിയ രാവണൻ എന്ന മലയാള സിനിമയിൽ ഭാനുപ്രിയ അവസാനം മമ്മൂട്ടിയോട് കാൽതൊട്ട് വണങ്ങി പറയുന്ന ഒരു ഡയലോഗ് ഉണ്ട് - "വെറുത്ത്‌ വെറുത്ത്‌ വെറുപ്പിൻറെ അവസാനം കുട്ടിശ്ശങ്കരനെ എനിക്കിപ്പോ ഭയങ്കര ഇഷ്ട്ടാ " .നമ്മളൊക്കെ കണ്ണുനീർ വാർത്ത്‌ കയ്യടിച്ച ക്ലൈമാക്സ് .കൂട്ടിശങ്കരൻ ശരിക്കും ഒരു സ്വാർത്ഥൻ മാത്രം ആയിരുന്നു .ഇഷ്ടപെട്ട ആളെ കിട്ടാൻ വേണ്ടി അവൾക്കു ചുറ്റും ഉള്ളതിനെ ഒക്കെ വിലക്ക് വാങ്ങിയ ഒരു സാഡിസ്റ്റ് ,എന്നിട്ടും കുട്ടിശങ്കരന് നമ്മൾ കയ്യടിച്ചു .പാവം നായികയുടെ സ്റ്റോക്ക് ഹോം സിൻഡ്രോം നമ്മൾ ആഘോഷിക്കുക ആയിരുന്നു .




മഹത്തായ പ്രണയം എന്ന് നമ്മൾ ഗ്ലോറിഫൈ ചെയ്തിട്ടുള്ള എല്ലാ പ്രണയങ്ങളും ഏറെക്കുറെ ഇതേ പാറ്റേൺ ആയിരിക്കും .നായകൻ അതി ഭീകരമായ സൈക്കോ പരിപാടികൾ ചെയ്യുന്നു അതൊക്കെ കണ്ട് മൂക്കും കുത്തി വീഴുന്ന നായികമാരെ ഏറ്റവും മികച സ്ത്രീകളും ആയി കാണുന്നതും ആണ്  സമൂത്തിന്റെ പൊതുബോധം .ആ പൊതുബോധത്തിലെ നായകനും നായികയ്ക്കും തനിക്ക് വേണ്ടിയിട്ടല്ലെങ്കിലും ഈ ചുറ്റുപാടിലെ ഈ മികച്ച ആണാകാനും ,പെണ്ണാകാനും സദാ ഇങ്ങനെ പല സിൻഡോമുകളും പിടിപെട്ടേ പറ്റു .

                                       


റീജെക്ഷൻ എന്നത് ഒരിക്കലും അംഗീകരിക്കാൻ പോലും പറ്റാത്ത ഒന്നാണ് എന്ന പൊതുബോധം ആരാണ് സൃഷ്ടിച്ചെടുത്ത് .ഇഷ്ട്ടം അല്ലാത്ത ഒരാളിൽ നിന്ന് മാന്യമായി അകന്ന് പോകുക എന്ന മര്യാദകളെ എന്തുകൊണ്ടാകും നമ്മൾ അത്രയൊന്നും ഗ്ലോറിഫൈ ചെയ്യാത്തത് .അങ്ങനെ പോകുന്നവർക്ക് പരാജിതന്റെ /പഴയ ചെമ്മീനിലെ കൊച്ചു മുതലാളിയുടെ മുഖം നൽകി ഒന്നിനും കൊള്ളാത്തവർ എന്ന് പറഞ്ഞു മാറ്റി നിർത്തപ്പെടുന്ന പൊതുബോധം ഉണ്ടാക്കിയ നമ്മൾ എന്ന ആൾകൂട്ടം ആണ് ശരിക്കും ഭീകരർ .ആ ആൾക്കൂട്ടത്തിലെ ചില ആളുകൾ ഇടക്ക് എല്ലാ നിയന്ത്രങ്ങളും വിട്ട് കൊല്ലിനും കൊലക്കും മുതിരുന്നു ,എന്തിന് വേണ്ടി - ഒരു നഷ്ട്ടം സഹിക്കാൻ കഴിയില്ല എന്നതുകൊണ്ട് .മാന്യമായ ഒരു അലകത്തിലേക്ക് തന്നെ മാറ്റി നിർത്താൻ പോലും ഉള്ള ബോധം അയാൾക്ക്‌ ചുറ്റും ഉള്ള ആൾകൂട്ടം ഉണ്ടാക്കി കൊടുത്തിട്ടേ ഇല്ല.



സ്നേഹം എന്നത് സ്വന്തമാക്കാൻ മാത്രം ഉള്ളതാണ് .അല്ലെങ്കിൽ മരണം ആണെന്ന ബൈനറി ഇവിടെ അടിയുറച്ചു പോയിട്ടുണ്ട് .നമ്മൾ എല്ലാവര്ക്കും ആ പൊതുബോധത്തിൽ അതിന്റെതായ സംഭാവനകളും ഉണ്ട് .


ചന്ദ്രോത്സവം എന്നൊരു മോഹൻലാൽ സിനിമയുണ്ട് ,രഞ്ജിത് ആണ് സ്ക്രിപ്റ്റ് ആൻഡ് സംവിധാനം  (പടം മഹാ കത്തി ആണ് ,അത് വേറെ കാര്യം )അതിൽ മോഹൻലാൽ ഒരിക്കൽ ഒരുപാട് ഇഷ്ട്ടപെട്ട നായികയായ മീനയെ ചില കാരണങ്ങൾ കൊണ്ട് സ്വന്തം ആക്കാൻ കഴിയാതെ പോകുകയും വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചു വരുന്ന നായകൻ മീനയെ കാണുമ്പോൾ ഉള്ള ഒരു സംസാരം ഉണ്ട് .മലയാള സിനിമയിൽ അപൂർവമായി മാത്രം അത്തരം എഴുത്തുകൾ ഉള്ളത് കൊണ്ട് വളരെ ഇഷ്ടമായ ഒന്നാണ് അത് .

മറ്റൊരാളെ വിവാഹം ചെയ്തിട്ടും എന്നോട് ദേഷ്യം ഒന്നും ഇല്ലേ എന്ന് ചോദിക്കുന്ന മീനയോട് ശ്രീഹരി എന്ന മോഹൻലാൽ പറയുന്ന മറുപടി ഇങ്ങനെ ആണ് .

"തമ്മിൽ വേർപിരിഞ്ഞ ശേഷവും പുതിയ ബന്ധങ്ങളിൽ ഇൻവോൾവ് ആയ ശേഷവും പഴയ കൂട്ടുകാരനെ /കൂട്ടുകാരിയെ വെറുക്കാതെ ഇരിക്കാനും ചങ്ങാത്തം നിലനിർത്താനും യൂറോപ്പും അവിടുത്തെ ജനങ്ങളും ആണ് എന്നെ പഠിപ്പിച്ചത് .ഒരു തവണ മാത്രം ലഭിക്കുന്ന ജീവിതം ,എത്രനാളെന്നറിയാത്ത ജീവിതം .രോഗാണുക്കൾ ആയി ,അസുഖങ്ങൾ ആയി ,അപകടങ്ങൾ ആയി നമ്മളെ കാത്തിരിക്കുന്ന മരണം ,അതിടിനിടയിൽ എന്തിനാണ് കലഹം ,എന്തിനാണ് പിണക്കം " നഷ്ട്ടപെട്ട പ്രണയത്തിനോട് മലയാള സിനിമ പറഞ്ഞ മനോഹരമായ ഒരു ഡയലോഗ് ആയിട്ടാണ്  അനുഭവപ്പെട്ടത് (ഇത് കേട്ട് ആരും ആ സിനിമ കാണാൻ പോകണ്ട ,രഞ്ജിത്തിന്റെ സ്ഥിരം IAS ,നായർ /മേനോൻ കത്തി കൊറേ ഉണ്ട് ആളെ വെറുപ്പിക്കാൻ  :) ).



ആളുകളെ ഇഷ്ടപെടുത്തുക എന്ന ലക്‌ഷ്യം വെച്ചുള്ള പ്രണയം ഒക്കെ ശരിക്കും ഒരു പ്രണയം ആണോ ? അങ്ങനെ ആവുമ്പോൾ ആണ് അത് വല്ലാത്തൊരു നാണക്കേടും ,അതിൽ ഒടുങ്ങാത്ത വാശിയും ഒക്കെ ഉണ്ടാകുന്നത് .ആളുകളെ വെറുതെ സ്നേഹിക്കാൻ നമുക്ക് എന്നാണ് കഴിയുക .പരസ്പരം രണ്ട് വ്യക്തികൾ ആണ് എന്ന ബഹുമാനം നിലനിർത്തി ആളുകളെ ഇഷ്ടപ്പെടാൻ എന്നാണ് നമ്മുടെ സമൂഹം പാകത കൈവരിക്കുക ? . നഷ്ടപ്പെട്ടവരെ ,റീജെക്ഷൻ അതി സുന്ദരമായി അക്‌സെപ്റ് ചെയ്ത് ജീവിച്ച മനുഷ്യരെ ഗ്ലോറിഫൈ ചെയ്യുന്ന പൊതുബോധം എന്നെങ്കിലും ഒക്കെ ഇവിടെ നിർമിക്കപ്പെടുമായിരിക്കും .ആളുകളെ നമ്മുടെ കണ്ടിഷനിംഗിൽ ജീവിക്കാൻ നിര്ബന്ധിക്കാതെ സ്വതന്ത്രമായ വ്യക്തികൾ ആയി ജീവിക്കാൻ ഉള്ള ഇടം ആണിതെന്ന് ഉറക്കെ പറയുന്ന പുതിയ തലമുറ ഇവിടെ ഉണ്ടാകുക ചെയ്യണം .നമ്മുടെ വീട്ടിടങ്ങൾ /തൊഴിലിടങ്ങൾ അത്തരം ജനാധിപത്യ രീതികളുടേത് കൂടി ആക്കാൻ നമ്മുക്ക് കഴിയട്ടെ .


''നോ'' എന്നത് എല്ലാവരും അംഗീകരിക്കപ്പെടട്ടെ ,നോ എന്നത് ഒരു മോശം വാക്കല്ല .മറ്റൊരു ചോയ്സ് ഉണ്ട് എന്ന ഓര്മപെടുത്തൽ ആണ് ഓരോ നോ എന്ന വാക്കും .അതിനെ പോസിറ്റീവ് ആയി കാണാൻ എല്ലാവര്ക്കും കഴിയട്ടെ .



ഓം ശാന്തി :)

Read more on www.linesh.in

Comments

Popular posts from this blog