സോഷ്യൽ മീഡിയ - നമ്മൾ അറിയേണ്ട ചിലത്
കഴിഞ്ഞ ദിവസം സിപിഐഎം സൈബർ മൂവ്മെൻറ് നവമാധ്യമകൂട്ടായ്മയിൽ "സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ - ആശങ്കകളും പരിഹാരങ്ങളും എന്ന വിഷയത്തിൽ പ്രിയപ്പെട്ട കുറച് സഖാക്കളോട് സംസാരിച്ചത്തിൻറെ ചുരുക്കം
പ്രിയപ്പെട്ട സഖാക്കളെ,
സിപിഐഎം സൈബർ മൂവ്മെൻറ് നവമാധ്യമകൂട്ടായ്മയിൽ "സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ - ആശങ്കകളും പരിഹാരങ്ങളും എന്ന വിഷയത്തിൽ സംസാരിക്കാൻ അവസരം നൽകിയ ഈ ഗ്രൂപ്പിൻറെ എല്ലാവർക്കുമുള്ള എൻറെ നന്ദി അറിയിച്ചുകൊണ്ട് വിഷയത്തിലേക്ക് കടക്കട്ടെ .
ഓൺലൈൻ എന്നത് ഇന്ന് നമ്മുടെ നിത്യജീവിതത്തിൻറെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായിമാറിയിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ് .അത് ഗൂഗിൾ ആയും ,ഫേസ്ബുക്ക് ആയും ,ഇൻസ്റ്റാഗ്രാം ആയും ,യൂട്യൂബ് തുടങ്ങി ഒരുപാട് ഒരുപാട് അപ്പ്ലിക്കേഷൻസ് വഴി നമ്മൾ ഓരോരുത്തരും വ്യക്തിപരമായ ആവശ്യങ്ങൾക്കും , ഔദ്യോഗികമായ ആവശ്യങ്ങൾക്കും ,ഇപ്പോളിതാ സംഘടനാ പ്രവർത്തനങ്ങൾ പോലും ഇതുവഴി ആയികൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മുടെയൊക്കെ ഇന്നത്തെ ജീവിതം . ആദ്യകാലങ്ങളിൽ ഓൺലൈൻ എന്നത് പ്രാഥമികമായും ഈമൈലുകൾ അയക്കാനും പിന്നീട് നമുക്ക് അറിയേണ്ടുന്ന വിവരങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഗൂഗിൾ പോലെയുള്ള സെർച്ച് എഞ്ചിനുകളുമായിട്ടായിരുന്നു അത് നമുക്കിടയിൽ ഉണ്ടായിരുന്നത് .ആ കാലത്തൊക്കെ അത് ഇന്നത്തെ അത്രയും ജനകീയമായിരുന്നില്ല എന്നതാണ് നേര് .പിന്നീട് സ്മാർട്ട് ഫോണുകളുടെയും തുടർന്ന് ഫേസ്ബുക്ക് ,ഇൻസ്റ്റാഗ്രാം ,വാറ്റ്‌സ്ആപ്പ് പോലെയുള്ള സോഷ്യൽ മീഡിയ അപ്പ്ലിക്കേഷൻസുകളുടെയും വരവോടുകൂടി അത് കുറേകൂടി സമൂഹത്തിലെ ഏറെക്കുറെ എല്ലാത്തരത്തിലും ഉള്ള ആളുകളിലേക്ക് എത്തപ്പെടുന്ന ഒരു കാലമാണിന്ന് .കഴിഞ്ഞ രണ്ടുവർഷങ്ങൾ ആയി തുടരുന്ന കോവിഡ് എന്ന മഹാമാരി ഓൺലൈൻ ടൂളുകളെ ജീവിതത്തിൻറെ ഒഴിച്ച് കൂടാനാവാത്ത ഒരു ഭാഗം ആക്കുകയും ചെയ്തു എന്നതാണ് നേര് . ഇന്ന് നമ്മുടെ എല്ലാ സർക്കാർ സംവിധാനങ്ങളും ഓൺലൈൻ വഴിയുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുക എന്നതിന് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ പറ്റി ബഹുമാനപെട്ട കേരള മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതും ,ബഹുമാനപെട്ട ടൂറിസം /പൊതുമരാമത്തു മന്ത്രി ജനങ്ങൾക്ക് നേരിട്ട് പരാതികൾ നല്കാൻ ഉള്ള മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയതും ,ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ഡോക്ടറെ ബുക്ക് വീട്ടിൽ ഇരുന്നു തെന്നെ ബുക്ക് ചെയ്യാനുള്ള മൊബൈൽ അപ്പ്ലിക്കേഷൻസ് പുറത്തിറക്കിയതും ഒക്കെ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് .
ലോകം മുഴുവൻ ഓൺലൈൻ ആകുന്ന കാലത്ത് അതിൽനിന്നും ഒരു മാറി നടപ്പ് സാദ്ധ്യമല്ല. നമ്മുടെ പലരീതിയിൽ ഉള്ള വിവരങ്ങൾ ഇന്ന് സോഷ്യൽ മീഡിയ അടങ്ങുന്ന ഇന്റർനെറ്റ് പ്ലാറ്റുഫോമുകളിൽ ലഭ്യമാണ് എന്നുള്ളതും നമുക്കൊക്കെ അറിയാം. നമ്മളെ പറ്റി ഓൺലൈനിൽ ഉള്ള ഈ വിവരങ്ങളെ ഓൺലൈൻ ഭാഷയിൽ പറയുന്ന പേരാണ് കസ്റ്റമർ ഡാറ്റ എന്നത്. അത്തരം നമ്മുടെ ഡാറ്റാ ഇന്ന് നമ്മുടെ കയ്യിൽ മാത്രം അല്ല എന്നുള്ളതാണ് സത്യം .കാരണം ഇന്ന് നമ്മളെക്കാൾ നന്നായി നമ്മുടെ തലപര്യങ്ങൾ /നമ്മുടെ ടേസ്റ്റ് അറിയാവുന്നത് ഗൂഗിളിന് ആയിരിക്കും .എന്തിനും ഏതിനും നമ്മൾ ചെന്ന് തിരയുന്ന ഒന്നാണ് ഗൂഗിൾ .നമ്മുടെ എല്ലാ തിരച്ചിലുകളും ഗൂഗിൾ രേഖപെടുത്തി വെക്കുകയും അതുപയോഗിച്ച് നമ്മൾ എന്ന് പറയുന്ന കസ്റ്റമറുടെ ഇഷ്ട്ടങ്ങൾ / താല്പര്യങ്ങൾ എല്ലാം ഗൂഗിൾ സ്റ്റോർ ചെയ്ത് വെക്കുകയും ചെയ്യുന്നുണ്ട്.
നമ്മൾ ഗൂഗിളിൽ പരതുന്ന ഇത്തരം കാര്യങ്ങളെ ഗൂഗിൾ പോലെയൊരു കോർപ്പറേറ്റ് കമ്പനി എന്താകും ചെയ്യുന്നുണ്ടാകുക .അല്ലെങ്കിൽ നമുക്ക് നമ്മുടെ ആവശ്യത്തിന് എപ്പോളും എന്ത് പോസ്റ്റ് ഇടാനും തുറന്നു വെച്ചിരിക്കുന്ന ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ അപ്പ്ലിക്കേഷൻസ് നമ്മുടെ പോസ്റ്റൊക്കെ എങ്ങനെയാകും അവരുടെ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നുണ്ടാവുക .ഇവിടെയാണ് ഡാറ്റ എന്ന വാക്കിൻറെ പ്രസക്തിയും ശക്തിയും .
ഇന്നത്തെ നമ്മുക്കിടയിലെ ഈ ചെറിയ ചർച്ചയിൽ ഡാറ്റാ യുടെ സ്വകാര്യതയും, സോഷ്യൽ മീഡിയ അപ്ലിക്കേഷൻസ് ഈ ഡാറ്റാ എങ്ങനെയാണ് ഉപയോഗിക്കുന്നതും എന്നതാണ് പ്രധാനമായും പറയാൻ ഉദ്യേശിക്കുന്നത്.കൂടെ സോഷ്യൽ മീഡിയ ഉത്തരവാദിത്വത്തോട് കൂടി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ആണ് പ്രധാനമായും പറയാൻ ഉദ്യേശിക്കുന്നത്.
ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് എന്താണ് ഡാറ്റ എന്നും അത് എങ്ങനെ ആണ് കോർപ്പറേറ്റ് കമ്പനികൾ ഉപയോഗപ്പെടുത്തുന്നത് എന്നും നോക്കാം .
നമ്മൾ എല്ലാവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നവരോ ,അല്ലെങ്കിൽ മറ്റുള്ളവരുടെ പോസ്റ്റുകൾ ലൈക് ചെയ്യുന്നവരോ കമന്റ് ചെയ്യുന്നവരോ ഒക്കെ ആയിരിക്കും .നമ്മൾ ഇടുന്ന ഒരു പോസ്റ്റോ ,അല്ലെങ്കിൽ കമന്റുകളൊ ,ലൈക്കകുകളോ ഒന്നും അത്ര നിസാരമല്ല .ഉദാഹരണത്തിന് ഏതെങ്കിലും ഒരു കമ്പനിയുടെ ഒരു പ്രൊഡക്ടിന്റെ പോസ്റ്റ് നമ്മൾ ഫേസ്ബുക്കിൽ കാണുന്നു .നമ്മൾ അതിൽ ഒരു ലൈക് ഇടാൻ നേരം തെന്നെ നമുക്കറിയാം നമുക്ക് ഇന്ന് പല തരത്തിൽ ഉള്ള ഇമോഷൻസ് ഇടാം (ഇമോജി എന്നാണ് അതിന്റെ സോഷ്യൽ മീഡിയ പേര് ).നമുക്ക് ഒരു തംസ് അപ്പ് ഇടാം ,ലവ് ഇടാം ,ദേഷ്യം കാണിക്കാൻ ഉള്ള ആങ്ക്രി ഇമോജി ഇടാം .അങ്ങനെ നമ്മുടെ ഇഷ്ടപ്രകാരം എന്താണോ ആ പ്രൊഡക്ടിനെ പറ്റി നമുക്ക് തോന്നുന്നത് അത് നമുക്കിടാം .ഇങ്ങനെ നമ്മളിടുന്ന ഒരു സ്മൈലി പോലും വിലപ്പെട്ട ഒരു ഡാറ്റാ ആണ് . ഒരു സ്മൈലി കൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്നല്ലേ...? ചെയ്യാൻ ഒരുപാട് ഉണ്ട്.നമ്മൾ ഒരു പ്രൊഡക്ടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഇടുന്ന നമ്മുടെ ഇത്തരം ഇമോഷൻസിനെ ഒക്കെ അനാലിസിസ് ചെയ്യാൻ പറ്റുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃതിമ ബുദ്ധി/നിർമിത ബുദ്ധി) സോഫ്റ്റ്വേരുകൾ നമ്മൾ പോലും അറിയാതെ ഈ ഡാറ്റ ഒക്കെ എന്താണെന്നും അതിടുന്ന നമ്മളുടെ ആ പ്രൊഡക്ടിനെ പറ്റിയുള്ള കസ്റ്റമർ ഫീഡ്ബാക്ക് ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നു .ഇങ്ങനെ ഒരുപാടു പേർ ഒരേ പ്രൊഡക്ടിനെ പറ്റി വ്യത്യസ്തമായി പലതും ഇട്ടിട്ടുണ്ടാകും .അതിന്റെ എല്ലാം കൂടി ഒരു അനാലിസിസ് നടത്തുമ്പോൾ മനസിലാകും ആ പ്രൊഡക്ടിനെ പറ്റിയുള്ള കസ്റ്റമർ ഫീഡ്ബാക്ക് .ഈ ഫീഡ്ബാക്ക് വെച്ചുകൊണ്ട് കമ്പനികൾക്ക് തങ്ങളുടെ മുന്നോട്ടുള്ള ഈ പ്രൊഡക്ടിന് വേണ്ട മാറ്റങ്ങൾ ,ഇമ്പ്രൂവ്മ്നെറ്സ് എല്ലാം ഇങ്ങനെ കിട്ടുന്ന ഡാറ്റ വെച്ച് ചെയ്യാവുന്നത് .ഇതിനെ സെറ്റിമെന്റ്സ് അനാലിസിസ് എന്നാണ് സോഷ്യൽ മീഡിയ സ്ട്രാറ്റജി ഒക്കെ ചെയ്യുന്ന ആളുകൾ പറയുന്നത് .പുതിയ കാലത്തെ ഒരുവിധം എല്ലാ കമ്പനികളും വലിയൊരു ബഡ്ജറ്റ് തെന്നെയാണ് ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്നത് .
നമ്മളൊക്കെ ശ്രദ്ധിച്ചിട്ടുണ്ടാകും നവമാധ്യമങ്ങളിൽ ഒരുപാട് ബിസിനസ്സ്ക്കാർ സ്വന്തം ആയി പേജ് ഉണ്ടാക്കി വളരെ പെട്ടന്ന് സമൂഹത്തിൽ അറിയപ്പെടുന്ന നിലയിലേക്കു വരുന്നതൊക്കെ .റെപ്യൂട്ടേഷൻ മാനേജ്‌മെന്റ് /സോഷ്യൽ മീഡിയ പ്രൊഫൈൽ മാനേജ്മെന്റ് ഒക്കെ പേരിട്ട് പണം നന്നായി ചിലവാക്കി നടത്തുന്ന ഈ പരിപാടിയും ഇതുപോലെയുള്ള ഡാറ്റ യുടെ സാദ്ധ്യതകൾ വെച്ച് ചെയ്യുന്ന പരിപാടികൾ ആണെന്നതാണ് സത്യം .
ഇത്രയും പറഞ്ഞത് ഫേസ്ബുക്കിൽ നമ്മൾ വെറുതെ എങ്കിലും ഇടുന്ന പോസ്റ്റിന് വളരെ വിലയുണ്ട് എന്ന് പറയാൻ ആണ്.കാരണം അതൊക്കെ നമ്മൾ സോഷ്യൽ മീഡിയ കമ്പനികൾക്ക് കൊടുക്കുന്ന ഡാറ്റ ആണ് .അതുകൊണ്ട് നമ്മുടെ ഫേസ് ബുക്ക് ഇൻസ്റ്റാ ഗ്രാം പോസ്റ്റുകളിൽ ഒക്കെ നമ്മൾ വളരെയധികം ഉത്തരവാദിത്വം കാണിക്കേണ്ടത് അത്യാവശ്യം ആണ് .കാരണം നമ്മുടെ ഒരു പോസ്റ്റ് ആരൊയൊക്കെ സ്വാധീനിക്കും എന്ന് നമുക്കറിയില്ല .
ഇത്തരം ഡാറ്റ നമ്മുടെ ഇന്നത്തെ രാഷ്‌ടീയ സാഹചര്യത്തിൽ ചില വർഗീയ ശക്തികൾ കപട പ്രതിച്ഛായ നിർമ്മിതിക്കും ,ചരിത്രത്തെ വളച്ചൊടിക്കാനും ,അധികാരം നേടാനും എങ്ങനെ ഉപയോഗിച്ചു എന്നൊന്ന് നോക്കിയാൽ മനസിലാകും സോഷ്യൽ മീഡിയയും അവിടത്തെ ഡാറ്റ യും ഒക്കെ എത്രമേൽ ഇന്നത്തെ സമൂഹത്തിൽ പ്രാധാന്യം ഉള്ളതാണെന്ന്
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം കൂടുതൽ ഉണ്ടായിരുന്ന ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു ഇന്ത്യയിൽ . ഒരു ദശാബ്ദക്കാലത്തെ കോൺഗ്രസ് ഭരണത്തിന് ശേഷം ബി.ജെ.പിയെ അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്വിറ്റർ ഉപയോഗം പരിശോധിച്ച സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പഠനം പറയുന്നത് വൻ വിജയത്തോടെ അധികാരത്തിലെത്തിയ ബി.ജെ.പി ഇന്ത്യയിലെ സോഷ്യൽ മീഡിയ ഇടത്തിൽ വലിയ രീതിയിൽ ആധിപത്യം പുലർത്തിയിരുന്നു എന്ന കണ്ടെത്തൽ വളരെയേറെ പ്രാധാന്യമർഹിക്കുന്നു.ബിജെപി സഖ്യത്തിന് എതിരായി ഉള്ള നെഗറ്റീവ് ട്വീറ്റുകൾ എതിരാളികളേക്കാൾ വളരെ കുറവാണ് എന്നുള്ളതായിരുന്നു അതിലെ ഒന്നാമത്തെ കാര്യം . 15.5 ദശലക്ഷം ഉപയോക്തൃ അക്കൗണ്ടുകളുടെയും 10.6 ദശലക്ഷം ട്വീറ്റുകളുടെയും വിശകലനം സൂചിപ്പിക്കുന്നത്, പല പരമ്പരാഗത രാഷ്ട്രീയക്കാരും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ആശയവിനിമയത്തിന്റെ പുതിയ ഉപകരണങ്ങൾ മാറ്റാനും അവലംബിക്കാനും വിമുഖത കാട്ടിയതുകൊണ്ടാണെന്നാണ്..തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആറ് മാസങ്ങൾക്കുള്ളിൽ എൻഡിഎ രാഷ്ട്രീയക്കാരുടെ അനുയായികൾ 2.5 ദശലക്ഷം ട്വീറ്റുകൾ പോസ്റ്റ് ചെയ്തു, യുപിഎയ്ക്കും ആം ആദ്മി പാർട്ടിക്കും (എഎപി) ഇത് ഒരു ദശലക്ഷം വീതമാണ്.
ട്വിറ്ററിലെ സെന്റിമെൻറ്സ് അനാലിസിസ് റിപ്പോർട്ടിൽ എൻഡിഎയ്ക്ക് നെഗറ്റീവ് സെന്റിമെന്റ് ട്വീറ്റുകൾ 10% ആണെങ്കിൽ, അത് യുപിഎയ്ക്ക് 35%, എഎപിക്ക് 30%, മറ്റുള്ളവർക്ക് 35% എന്നിങ്ങനെയാണ് ട്വീറ്റുകളിലെ സെന്റിമെന്റ് വിശകലനം.
എൻഡിഎയ്ക്ക് എതിരെ ഒരു നെഗറ്റീവ് കാണണം എങ്കിൽ ഒരു വ്യക്തിക്ക് 3.5 ട്വീറ്റുകൾ കാണേണ്ടി വന്നു; യുപിഎയ്ക്ക് ഇത് 1 ആയിരുന്നു .ഏകദേശം ഇതേ കാലഘട്ടത്തിൽ ആണ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ 'പപ്പു 'ക്യാമ്പയിനുമായി ചില കൂട്ടർ സോഷ്യൽ മീഡിയയിൽ നിറഞ്ഞതും .
തിരഞ്ഞെടുപ്പ് പോലുള്ള ഒരു പ്രക്രിയയിൽ പോലും വ്യക്തിപരമായി രാഷ്ട്രീയ നേതാക്കൾക്ക് എതിരെയുള്ള ഹേറ്റ് ക്യാമ്പയിയിൽ / വർഗീയ വിദ്വേഷം ഉണ്ടാകുന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ എല്ലാം എപ്പോളും ട്രെൻഡിങ്ങിൽ നിർത്തി വർഗീയ ശക്തികൾ തീർത്ത ഒരു സോഷ്യൽ മീഡിയ ഹൈപ്പിന് മുഖ്യധാരാ മാധ്യമങ്ങളുടെ പോലും പിന്തുണ ഉണ്ടായിരുന്നു എന്നതാണ് നേര് . ഇത്തരം ശക്തികളുടെ പൊളിറ്റിക്കൽ പ്രോജക്ടിന്റെ ഭാഗം ആകുകയായിരുന്നു ഇവിടുത്തെ ഏറെക്കുറെ എല്ലാ മീഡിയകളും .എങ്ങനെയാണ് ഇവർ ഇതൊക്കെ നേടിയെടുത്തത് . തങ്ങളുടെ പൊളിറ്റിക്കൽ പ്രോപഗണ്ടക്ക് ഇവിടുത്തെ സോഷ്യൽ മീഡിയ കമ്പനികളെ അടക്കം ഇന്ത്യയിലെ IT ഭീമന്മാർ എല്ലാം ആ കാലത്ത് ഇവർക്കൊക്കെ വേണ്ടിയുള്ള സോഷ്യൽ മീഡിയ പ്ലാനുകളുടെ ഭാഗം ആയിരുന്നു എന്നത് പബ്ലിക് ഡൊമൈനിൽ ലഭ്യമാകുന്ന വിവരങ്ങൾ ആണ് .ഇത്തരം സംഘ്യങ്ങളും ,ഫേക്ക് ഐഡി കൾ വെച്ചുള്ള വ്യാജ വാർത്ത നിർമിതിയും ഒക്കെ എത്രമേൽ മോശമായ ഒരു സ്ഥിതിയിലേക്ക് നമ്മുടെ ജനാധിപത്യം എത്തിപ്പെട്ടു എന്നത് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചതുമാണ്
നമ്മൾ ഇടുന്ന ഫേസ് ബുക്ക് പോസ്റ്റുകൾ /അതിൽ ഉള്ള ഡാറ്റ എങ്ങനനെയാണ് കോർപ്പറേറ്റ് കമ്പനികൾ ,ഇവിടുത്തെ വർഗീയ ഫാസിസ്റ്റുകൾ തങ്ങൾക്ക് അനുകൂലമാക്കി എന്നുള്ളത് പറയാൻ വേണ്ടി മാത്രമാണ് ഈ രണ്ടു ഉദാഹരണങ്ങൾ പറഞ്ഞത് . സോഷ്യൽ മീഡിയ ഇടങ്ങൾ സമൂഹത്തിനെ ആകെത്തന്നെയും ചതികുഴിയിലേക്ക് തള്ളി വിടുന്നത് എങ്ങനെയെന്നതിന് ഇതിലും വ്യകത്മായ എന്തെങ്കിലും വേണമെന്ന് തോന്നുന്നില്ല .
സോഷ്യൽ മീഡിയയെ നമ്മൾ അല്ല ഇപ്പോൾ നിയന്ത്രിക്കുന്നത് മറിച് സോഷ്യൽ മീഡിയകൾ /ഓൺലൈൻ ഇടങ്ങൾ ഇന്ന് നമ്മളെ നിയന്ത്രിക്കുന്ന കാലം ആണ് .അങ്ങനെയൊരു കാലത്തു ജീവിക്കുമ്പോൾ നമ്മൾ അവിടെ കാണുന്ന ഓരോ വാർത്തകൾക്കും എതിരെ അതീവ ജാഗ്രത ഉള്ളവർ ആകുക എന്നതാണ് നമുക്ക് കാണിക്കാൻ പറ്റുന്ന ഏറ്റവും വലിയ സമൂഹ നന്മ .ജാതി/മത ഭ്രാന്തിന്റെ പോസ്റ്റുകൾ എല്ലാം ഫേസ്ബുക് പോളിസിക്ക് എതിരാണെങ്കിലും ചില പ്രാദേശിക ഭാഷകളിൽ വരുന്ന പോസ്റ്റുകൾ കണ്ടെത്തി അതിനെ എടുത്തു കളയാൻ ഉള്ള കഴിവ് അത്രത്തോളം മികച്ചതല്ല എന്നതാണ് സത്യം .അതുകൊണ്ട് ഇത്തരം വാർത്തകൾ സത്യം മനസിലാക്കാതെ ഷെയർ ചെയ്യുകയോ ,ആളുകളെ പരസ്പ്പരം മതത്തിന്റെയോ ,ജാതിയുടെയോ ,നിറത്തിന്റെയോ പേരിൽ തമ്മിൽ തല്ലിക്കാൻ ഉള്ളതാണെങ്കിൽ അത് റിപ്പോർട്ട് ചെയ്തു ഒഴിവാക്കിക്കുകയോ /അല്ലെങ്കിൽ അതിന്റെ സത്യാവസ്ഥ നമ്മളാൽ കഴിയുന്ന രീതിയിൽ ഈ പ്ലാറ്റഫോമിലൂടെ തെന്നെ ആളുകൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയും വേണം .
മിക്കവാറും പല ആളുകളെയും ചെയ്യുന്ന ഒരു തെറ്റ് ,വർഗീയ ഫാസിസ്റ്റുകൾ ഈ രീതിയിൽ പടച്ചു വിടുന്ന നുണകഥകൾക്ക് എതിരെ അവരുടെ പോസ്റ്റിൽ കളിയാക്കലോ ,തെറി വിളിയോ ആയിരിക്കും .ആ തെറി വിളിയെക്കാൾ ,കളിയാക്കലുകളെക്കാൾ നല്ലത് അത് മോശം കോൺടെന്റ് ആണെന്ന് മാസ്സ് റിപ്പോർട്ടിങ് നടത്തി ഫേസ്ബുക്കിനെ കൊണ്ട് അത് റിമൂവ് ചെയ്യിക്കുകയോ അതും അല്ലെങ്കിൽ അതിന്റെ ശരിയായ വശം എഴുതി നമ്മളാൽ ആകുന്ന രീതിയിൽ പ്രചരിപ്പിക്കുകയും ആകാം .അതുമല്ലെങ്കിൽ അതിൻറെ സ്ക്രീൻഷോട് /മറ്റ് വിവരങ്ങൾ എടുത്ത് സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യാവുന്നതും ആണ് .പറഞ്ഞു വന്നത് ഓൺലൈൻ/ സോഷ്യൽ മീഡിയ സ്പേസിൽ നല്ല വളരെ ഉത്തരവാദിത്വം ഉള്ളവർ ആയിരിക്കണം എന്നുള്ളതാണ് ,പ്രത്യേകിച്ചും നമ്മൾ ഒരു സംഘടനയെ പ്രതിനീധീകരിച് സംസാരിക്കുമ്പോളോ /അല്ലെങ്കിൽ നമ്മുടെ ഒരു പബ്ലിക് ഐഡൻറിറ്റി അങ്ങനെ ആകുമ്പോൾ ആ ഉത്തരവാദിത്വബോധം നമുക്ക് നല്ല രീതിയിൽ വേണം .ഇല്ലെങ്കിൽ അത് നമുക്ക് വ്യക്തിപരമായും സംഘടനക്ക് തന്നെയും പൊതുജനങ്ങൾക്ക് ഇടയിൽ തെറ്റായ അഭിപ്രായ രൂപീകരണത്തിന് കാരണമാകും എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം എന്നുള്ളതാണ് ഈ കാര്യത്തിൽ പ്രത്യേകം എടുത്തു പറയാൻ ഉള്ളത് .
സോഷ്യൽ മീഡിയ എങ്ങനെയാണ് നമ്മളെ ഇത്രമേൽ സ്വാധീനിക്കുന്നത് എന്ന് മനസിലാക്കാൻ നമുക്ക് കുറച് രസകരമായ കാര്യങ്ങൾ നോക്കാം . വീണ്ടും ഫേസ് ബുക്കിന്റെ കാര്യം തെന്നെ എടുക്കാം ,നമ്മൾ ഒക്കെ വർഷങ്ങൾ ഫേസ് ബുക്ക് ഉപയോഗിക്കുന്നവർ ആയിരിക്കും .ഈ വർഷങ്ങൾക്കിടയിൽ നമ്മുടെ ഫ്രണ്ട്‌സ് ,നമ്മുടെ ഇഷ്ട്ടങ്ങൾ ,നമ്മുടെ ചിന്തകൾ എല്ലാം വളരെ മാറിയിട്ടുണ്ടാകും .എന്നാൽ നമ്മൾ അന്നും ഇന്നും രാവിലെ എണിറ്റു കഴിഞ്ഞാൽ നോക്കുന്ന ഒരു സാധനമായി ഫേസ്ബുക് മാറിയിട്ടുണ്ട് .ചില ആളുകൾ അവിടെ ഫേസ്ബുക്കിന് പകരം അത് ഇൻസ്റ്റാഗ്രാം ആകിയിട്ടുണ്ടാകും ,രണ്ടായാലും ഒരേ കമ്പനിയുടെ തെന്നെ പ്രോഡക്റ്റ് ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം .എങ്ങനെയാണ് ഫേസ് ബുക്കും ,ഇൻസ്റ്റഗ്രാമും ഒക്കെ ഇത്രയും വർഷങ്ങൾ നമ്മളെ അവിടെ തെന്നെ മടുപ്പിക്കാതെ പിടിച്ചു നിർത്തിയിട്ടുണ്ടാവുക ? സോഷ്യൽ മീഡിയ കമ്പനികൾ അത്ര ഗംഭീരമായാണ് അവരുടെ അൽഗോരിതം ഡിസൈൻ ചെയ്തിട്ടുള്ളത് .പ്രധാനമായും രണ്ട് കാര്യങ്ങളിൽ ആണ് അവരുടെ അൽഗോരിതങ്ങളുടെ പ്രധാന ഫോക്കസ്
1 . എൻഗേജ്മെൻറ്സ് - സോഷ്യൽ മീഡിയയിലെ സ്ട്രാറ്റജി ഒക്കെ ഉണ്ടാകുന്ന ആളുകൾ /കമ്പനികൾ സ്ഥിരം ആയി ഉപയോഗിക്കുന്ന ഒരു വാക്കാണ് ഈ എൻഗേജ്മെന്റ്സ് എന്ന് പറയുന്നത് .ഒരു യൂസർ എത്ര സമയം സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ ചിലവഴിക്കുന്നുണ്ട് എന്നുള്ളതിനെ പറയുന്ന വാക്കാണ് എൻഗേജ്മെന്റ്സ് എന്നത് . എങ്ങനെയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ നമ്മുടെ എൻഗേജ്മെന്റ് ടൈം കൂട്ടുന്നത് എന്ന് നോക്കാം .നമ്മൾ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും എല്ലാം ചെയ്യുന്ന പിക്ചർ ,പോസ്റ്റ് ,വീഡിയോസ് അതുപോലെ നമ്മൾ ഫോളോ ചെയ്യുന്ന ആളുകൾ എന്നിവയൊക്കെ നിർമിതബുദ്ധി (AI ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു മനസിലാക്കി അതുമായി ബന്ധപ്പെട്ട കൊണ്ടെന്റ് നമുക്ക് എപ്പോളും തന്നു കൊണ്ടിരിക്കുക എന്നതാണ് ഇതിനവർ ഉപയോഗിക്കുന്ന വിദ്യ .ഉദാഹരത്തിന് നമ്മൾ വർഗീയത പ്രചരിപ്പിക്കുന്ന കോൺടെന്റ് ഉള്ള വീഡിയോസ് കാണുന്ന ആളാണ് എന്നിരിക്കട്ടെ പിന്നീട് നമ്മുടെ ഫീഡിലേക്കു അങ്ങനെയുള്ള കോൺടെന്റ് ആകും ഫേസ്ബുക്ക് കൂടുതൽ സജഷൻസ് ആയി തരുക .അങ്ങനെ സ്ഥിരമായി ഇത്തരം കോൺടെന്റ് നമ്മൾ കണ്ടാൽ അറിയാതെ അതാണ് ശരിയെന്നുപോലും ആളുകൾ തെറ്റിദ്ധരിക്കപ്പെടും .അതുകൊണ്ട് സോഷ്യൽ മീഡിയ ഉപഗോയിക്കുമ്പോൾ നമ്മൾ കാണുന്ന കോൺടെന്റ് നമ്മളെ പുറകോട്ട് നയിക്കുന്നതോ , അന്ധവിശ്വാസങ്ങളിലെക്ക് നയിക്കുന്നതും അല്ല എന്ന് നമ്മൾ ഉറപ്പുവരുത്തുകയും അത്തരം കാര്യങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും ശ്രമിക്കുക .എപ്പോളും പ്രോഗ്രസ്സിവ് ആയ ,മനുഷ്യനെ ശാസ്ത്രബോധത്തിലും യുക്തിയിലും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കോൺടെന്റ് കാണാൻ ശ്രമിക്കുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം .അതുവഴി നമ്മൾ മോശം കണ്ടെന്റുകൾക്ക് വ്യൂ കുറക്കുകയും ചെയ്യാം .വ്യൂ കുറയുമ്പോൾ സ്വാഭിവികമായും സോഷ്യൽ മീഡിയ ആപ്പുകൾ അത്തരം സാധനങ്ങൾ മറ്റുള്ളവർക്ക് സജഷൻ ആയി അയക്കുകയും ഇല്ല .
നമ്മുടെ പോസ്റ്റിനു കിട്ടുന്ന ലൈക്ന്റെ എണ്ണം പബ്ലിക് ആയി കാണിച് ഫേസ് ബുക്കിന്റെ ഈ ലൈക് കെണിയിലേക്ക് നമ്മളെ തള്ളി ഇടുന്നതും ഫേസ് ബുക്കിന്റെ അൽഗോരിതത്തിന്റെ എൻഗേജ്‌മെന്റ്റ് സ്ട്രാറ്റജി ആണ് .എത്ര ലൈക് ഉണ്ടെന്ന് അറിയാനും ,ഓരോ ലൈക്,കമന്റ് വരുമ്പോളും നോട്ടിഫിക്കേഷൻ അയച്ചും എപ്പോളും നമ്മളെ അവിടെ തെന്നെ പിടിച്ചിരുത്തി എങ്ങങേമെന്റ്റ് ടൈം മാക്സിമം കൂട്ടാനും സോഷ്യൽ മീഡിയ ആപ്പ്സ് എപ്പോളും ശ്രദ്ധിച്ചുകൊണ്ടിരിക്കും
2 . ഗ്രോത്ത് - നമ്മുടെ വളർച്ച തെന്നെയാണ് ഇവിടെ ഫേസ്ബുക്ക് ഉദ്യേശിക്കുന്നത് .അതായത് ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് ഒക്കെ സുഹൃത്തുക്കളെ എണ്ണവും ലൈകും ഷെയറും വർദ്ധിപ്പിക്കുക എന്നതും ഒക്കെ നമ്മളെക്കാൾ വലിയ ആവശ്യം സോഷ്യൽ മീഡിയ അപ്പുകൾക്ക് ആണ് .അതുകൊണ്ട് തെന്നെ നമുക്കറിയാം നമ്മുടെയൊക്കെ ഫീഡിൽ ഫേസ്ബുക്കും ഇൻസ്റ്റാർഗ്രാമും എല്ലാം ഒരുപാട് ഫ്രണ്ട്‌സ് സജഷൻസ് എല്ലാദിവസവും നമുക്ക് കാണിച്ചു തരും .നമ്മുടെ മൊബൈൽ GPS എല്ലാം ഓൺ ആണെങ്കിൽ രണ്ടുപേർ ഒരേയിടത്തു ഒരുസമയത് കുറച്ചധികം ചിലവഴിക്കുകയോ ,പരസ്പരം ഒരു ഫോൺ ചെയ്താലോ ഒക്കെ ആ ആളുകളുടെ ഫേസ്ബുക്ക് പ്രൊഫൈൽ നമുക്ക് സജഷൻ ആയി വരുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും .അത്രയ്ക്ക് ശക്തമായ അൽഗോരിതം ആണ് ഈ സോഷ്യൽ മീഡിയ ടൂളുകളുടെ എന്നതാണ് യാഥാർഥ്യം .
ആർക്കും എന്തും എഴുതാം എന്നുള്ള സ്വാതന്ത്രം ഉള്ളതുകൊണ്ട് തെന്നെ സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ മുഴുവൻ ശരിയായികൊള്ളമെന്നില്ല .അതിനാൽ നമ്മൾ എന്തെങ്കിലും ഒരു കാര്യം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിന് മുൻപ് ആ വാർത്ത ശരിയാണോ എന്ന് ഉറപ്പുവരുത്തുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആണ് .ഫേസ്ബുക്ക് അറിയപ്പെടുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയുവാൻ വേണ്ടി അങ്ങനെയുള്ള പ്രൊഫൈലുകൾ വെരിഫൈഡ് ആക്കാറുണ്ട് (ആളുകളോയുടെയോ ,സ്ഥാപനങ്ങളുടെയോ പേരിന് നേരെ ഒരു ബ്ലൂ ടിക്ക് കാണുക ആണെങ്കിൽ അത്തരം പ്രൊഫൈലുകൾ വെരിഫൈഡ് പ്രൊഫൈൽ ആണെന്നാണ് അതിന്റെ അർത്ഥം ).അത്തരം പ്രൊഫൈലുകൾ പോസ്റ്റ് ചെയ്യുന്ന വാർത്തകൾ കുറച്ചുകൂടി വിശ്വസനീയം ആയിരിക്കുകയും ചെയ്യും .കാലാവസ്ഥ /പ്രകൃതി ദുരന്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവണ്മെന്റ് ഏജൻസികളുമായി ബന്ധപ്പെട്ട പേജുകളിൽ കൂടി വരുന്നത് മാത്രം വിശ്വസിക്കുക്ക .വാർത്തകളുടെ സത്യാവസ്ഥ ഉറപ്പിക്കാൻ രണ്ടോ മൂന്നോ സോഴ്സ്സിൽ കൂടി നോക്കി അത് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം അത് ഷെയർ ചെയ്യുകയോ ,ലൈക് അടിക്കുകയോ ,അതിനെ പറ്റി എഴുതുകയോ ചെയ്യുക .
ഫ്രണ്ട് റിക്വയസ്റ്റുകൾ വരുമ്പോൾ ആളെ നമുക്ക് അറിയാം എന്ന് ഉറപ്പ് വരുത്തിയ ശേഷമോ അല്ലെങ്കിൽ ആളുടെ പ്രൊഫൈലിൽ പോയി നോക്കി ഫേക്ക് ഐഡി അല്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷമോ അക്‌സെപ്റ് ചെയ്യുക .ഫേക്ക് ഐഡി ഉപയോഗിക്കുന്ന ആളുകളുടെ പ്രൊഫൈൽ പിക്ചർ സ്വാഭാവികമായി അയാളുടെ സ്വന്തം പിക്ചർ ആയിരിക്കുകയില്ല .പ്രൊഫൈലിൽ ഉള്ള മറ്റു പോസ്റ്റുകൾ നോക്കിയാൽ ആളെ പറ്റി ഒരു ഏകദേശ ധാരണയും നമുക്ക് ലഭിക്കും .ഇത്തരം കാര്യങ്ങൾ എല്ലാം നോക്കി മാത്രം പുതിയ സുഹൃത്തുക്കളെ അക്‌സെപ്റ് ചെയ്യുക .
സ്ത്രീകളുമായി മാന്യമായി മാത്രം പെരുമാറാൻ ശ്രമിക്കുക .സ്ത്രീകളോട് തുല്യതയും ബഹുമാനവും ഉണ്ടായിരിക്കുക എന്നത് ഒരു ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗം കൂടി ആണെന്നതിനാൽ സൈബർ ഇടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള മോശം പെരുമാറ്റം മുഴുവനായും ഒഴിച്ച് നിർത്തുക .അത് ഉണ്ടാക്കി തീർക്കുന്ന സൈബർ ക്രൈമുകൾ പരമാവധി ഇല്ലാതെ ആക്കാൻ നമ്മളാൽ കഴിയുന്ന രീതിയിൽ നമുക്ക് ചുറ്റുമുള്ള ആളുകളെ കൂടി ബോധവാന്മാരാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വം കൂടെ ആയി കാണുക
അനാവശ്യമായി നമ്മുടെ പ്രൊഫൈലിലേക്ക് വരുന്ന ഗെയിം റിക്വസ്റ്റ്കളോട് അകലം പാലിക്കുക .ഇത്തരത്തിൽ വരുന്ന റിക്വസ്റ്റ്കൾക്ക് നമ്മൾ അതിൽ ക്ലിക്ക് ചെയ്യുമ്പോൾ അതിലൂടെ എടുക്കാവുന്ന നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ എടുക്കുക എന്നതാണ് പരമമായ ലക്ഷ്യം .ഇത്തരം ഡാറ്റ എന്തുമാത്രം വിലപെട്ടതാണെന്ന് നമ്മൾ മുകളിൽ പറഞ്ഞതുമാണ് .
നമ്മുടെ അക്കൗണ്ട് പാസ്സ്‌വേർഡ് മറ്റുള്ളവർക്ക് ഒരു കാരണവശാലും ഷെയർ ചെയ്യാതെ ഇരിക്കുകയും , ഫേസ്ബുക്ക് വഴി പണം ആവശ്യപ്പെടുന്ന സുഹൃത്തുക്കളെ കണ്ടാൽ അവരെ നേരിട്ട് അറിയുന്നവർ ആണെങ്കിൽ ഫോണിൽ വിളിച്ചു ഈ കാര്യം അവരോടും പറയുക.കാരണം മിക്കവാറും അതെല്ലാം ഫേക്ക് ആയതോ ,നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്തതോ ആകും .
നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കുക എന്നതാണ് ഇവിടെ നമുക്ക് ചെയ്യാൻ ഉള്ള ഏറ്റവും വലിയ കാര്യം .ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ഇതിനുള്ള ഓപ്ഷൻസ് അവരുടെ അപ്പ്ലിക്കേഷൻസിൽ തെന്നെ കൊടുത്തിട്ടുണ്ട് .2 ഫാക്ടർ ഓതെന്റിക്കേഷൻ എന്ന ഓപ്‌ഷൻ നമ്മുടെ പ്രൈവസി സെറ്റിങ്സിൽ പോയി നോക്കിയാൽ കാണാവുന്നതാണ് .അതിൽ നമുക്ക് ഫേസ്ബുക്കിൽ ആണെങ്കിൽ 3 ഓപ്ഷൻസ് തരുന്നുണ്ട് .അതിൽ ഏതെങ്കിലും ഒന്ന് ഇനേബിൾ ചെയ്താൽ വേറെ ഒരാൾ /വേറൊരു മൊബൈലോ ,ബ്രൗസറിൽ നിന്നോ നമ്മുടെ അക്കൗണ്ടിൽ കയറാൻ നോക്കിയാൽ ഫേസ്ബുക്ക് നമുക്കൊരു സീക്രെട് കീ മെസ്സേജ് ആയോ ,ഗൂഗിൾ ഔതട്ടിക്കേറ്റർ ആപ്പ് വഴിയോ നമുക്ക് അയക്കും .അത് എന്റർ ചെയ്താൽ മാത്രേ മറ്റൊരാൾക്ക് ലോഗിൻ ചെയ്യാൻ പറ്റു .സമാനായ ഒപ്റേൻസ് ഇൻസ്റാഗ്രാമിനും ഉണ്ട് .ഇത് ഉപയോഗിക്കുന്നത് നമ്മുടെ സോഷ്യൽ മീഡിയ സെക്യൂരിറ്റി ഉറപ്പു വരുത്താൻ കഴിയുന്ന ഏറ്റവും പ്രധാനമായ കാര്യം ആണ് .
നമ്മുടെ പ്രൊഫൈൽ ലോക്ക് ചെയ്ത് ഇടുക എന്നതാണ് നമ്മുടെ പ്രൈവറ്റ് ഫോട്ടോസ് ഒക്കെ നമ്മുടെ ഫ്രണ്ട്‌സ് അല്ലാത്ത കാണുന്ന ആളുകൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും രക്ഷപെടാൻ ഉള്ള മറ്റൊരു മാർഗം .സെറ്റിങ്സിൽ തെന്നെ ഇതിനുള്ള ഓപ്ഷഷനും നമുക്ക് കാണാവുന്നതാണ് .
നമ്മൾ ഏതെങ്കിലും ഇന്റർനെറ്റ് കഫേ /അല്ലെങ്കിൽ മറ്റൊരാളുടെ മൊബൈൽ /കംപ്യൂട്ടറിൽ നിന്നൊക്കെ നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ അത് കൃത്യമായി ലോഗ് ഔട്ട് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക .
നിങ്ങളുടെ അക്കൗണ്ടിന് പാസ്സ്‌വേർഡ് കൊടുക്കുമ്പോൾ അത് കുറച് കോംപ്ലിക്കേറ്റഡ് ആക്കാൻ ശ്രദ്ധിക്കുക .നിങ്ങളുടെ പേരിൻറെ ആദ്യത്തെ കുറച്ചു അക്ഷരങ്ങളും പിന്നെ ഒരു 123 ഉം ഒരു * ഉം ഇട്ടാൽ പാസ്സ്‌വേർഡ് ആയി എന്ന ധാരണ മാറ്റുക .ഇത്തരം പാസ്സ്‌വേർഡ് ഒക്കെ ഒരു ഹാക്കർക്കു എളുപ്പം ഹാക്ക് ചെയ്യാൻ പറ്റും .നമ്മുടെ പേരും ജനനതിയതും അല്ലാത്ത കുറച് നീളം കൂടിയ പാസ്സ്‌വേർഡ് എപ്പോളും കൊടുക്കുക .അങ്ങനെ നീളം കൂടിയ പാസ്സ്‌വേർഡ് ഹാക്ക് ചെയ്യാൻ വളരെ എളുപ്പം സാധിക്കുകയില്ല
സെക്സ് ചാറ്റിനു ക്ഷണിക്കുന്ന സ്ത്രീകളുടെ മുഖചിത്രം ഉള്ള പ്രൊഫൈലുകളുടെ കെണിയിൽ ഒരു കാരണവശാലും
അകപ്പെടാതിരിരിക്കുക .ഒരു തവണ പെട്ടുപോയാൽ അവർ നമ്മുടെ ചാറ്റുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ കാണിച്ചു നമ്മളെ ഭീഷണിപെടുത്തി പണം തട്ടുന്നത് ഇപ്പോൾ സർവസാധാരണം ആയി കൊണ്ടിരിക്കുകയാണ് .
ഇത്രയൊക്കെയാണ് ഈ കുറഞ്ഞ സമയത്തിൽ പറയാൻ ഉള്ളത്
ലൈക്കൾക്ക് വേണ്ടി പോസ്റ്റ് ഇടാതെ ഇരിക്കുക .നമ്മുടെ ബോധ്യങ്ങൾ / ശരികൾ എല്ലാം നമ്മുടെ പോസ്റ്റുകൾ ആക്കുക .അതിന് കിട്ടാതെ പോകുന്ന ലൈകുകളിൽ ആവലാതി ഇല്ലാതെ ശരികളിൽ അടിയുറച് സോഷ്യൽ മീഡിയയെ മനസിലാക്കി മുന്നോട്ട് പോകുക .ഹേറ്റ് പൊളിറ്റിക്സിന്റെ ആൾകൂട്ടങ്ങളെ തുറന്നു കാട്ടി ഇടതുപക്ഷത്തിൻറെ മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച് നന്മയുള്ള ,ഉത്തവാദിത്വം ഉള്ള സോഷ്യൽ മീഡിയ മനുഷ്യർ കൂടി ആകാൻ നമുക്ക് സാധിക്കട്ടെ
അവസാനിപ്പിക്കുമ്പോൾ വീണ്ടും ഓർമ്മിപ്പിക്കാൻ ഉള്ളത് - സോഷ്യൽ മീഡിയ ഇടങ്ങൾ വെറുതെ തെറി വിളിച്ചു നടക്കാനോ ,തോന്നിയതെന്തും പറയാനോ ഉള്ള ഒരിടം ആയി കാണാതെ ഇരിക്കുക .വളരെ വളരെ ഉത്തരവാദിത്വത്തോട് കൂടി പെരുമാറേണ്ട ഇടമായി അതിനെ കാണുക .ഈ മോശം കാലത്ത് /വർഗീയ ശക്തികൾ നുണയുടെ കൊട്ടാരം കെട്ടി ആളുകളെ വെറുപ്പിന്റെ ലോകത്തിലേക്ക് എത്തിക്കുന്ന കാലത്ത് ഏറെ കരുതലോടെ തികഞ്ഞ ജാഗ്രതയോടെ കാണുകയും ഇടപെടൽ നടത്തുകയും വേണ്ട ഇടമാണ് സോഷ്യൽ മീഡിയ .അതിന് നിങ്ങൾക്കെല്ലാവർക്കും കഴിയട്ടെ .എല്ലാ ആശംസകളും .
ലാൽ സലാം സഖാക്കളെ .
നന്ദി .നമസ്ക്കാരം .
Well said 👏❣️
ReplyDelete