തൊഴിലിടങ്ങളിലെയും ,സോഷ്യൽ മീഡിയയിലെയും സ്റ്റോക്ക്ഹോം സിൻഡ്രോം ,ആൽഫ മെയിൽ എഫ്ഫക്റ്റ് ,ടോക്സിക് മസ്കുലാനിറ്റി - ചില ചിന്തകൾ !
[കഴിഞ്ഞ ദിവസം ഓഫീസിലെ ഔട്ട് ബൗണ്ട് ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് പ്രിയപ്പെട്ട കുറച്ചുപേരുമായി സംസാരിച്ചത് .]
ഇതൊക്കെ എങ്ങനെയാണ് നമ്മുടെ തൊഴിലിടങ്ങളും ,സോഷ്യൽ സ്പേസുമായും ഒക്കെ ബന്ധപ്പെടുന്നത് എന്ന് പറയുന്നതിന് മുൻപ് നമുക്കൊരു കഥ പറയാം .
ഈ കഥ നടക്കുന്നത് സ്വീഡനിൽ ആണ് .1973 ലെ ഒരു ആഗസ്റ്റ് മാസത്തിൽ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോം എന്ന അതിമനോഹരമായ നഗരത്തിൽ അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബാങ്കായ ക്രെഡിറ്ബാങ്കിങ്ങിൽ ഒരു ദിവസം ഒരു കവർച്ചാ ശ്രമം നടക്കുന്നു .ആയിടക്ക് പരോളിൽ ഇറങ്ങിയ ക്രിമിനൽ കേസിലെ പ്രതിയായ ജാൻ എറിക് ഓൾസൻ ആണ് ഈ കവർച്ചാ ശ്രമം പ്ലാൻ ചെയ്തത് .എറിക് ഓൾസൻ ബാങ്കിലെ 4 ജീവനക്കാരെ ബന്ദിയാക്കുകയും ചെയ്തു .ഓൾസന്റെ സുഹൃത്തായ ക്ലാർക്ക് ഒളോപ്സൺ എന്ന ക്രിമിനലിനെ ജയിൽ മോചിതനാക്കുക എന്നതായിരുന്നു ഈ ബന്ദി നാടകത്തിന് പിന്നിലുള്ള ലക്‌ഷ്യം.പിന്നീടുള്ള ദിവസങ്ങളിൽ സ്വീഡൻ സർക്കാരും ,പോലീസും ഒക്കെയായി നിരവധി ചർച്ചകൾ നടത്തിയെങ്കിലും ഒന്നിലും ഒരു തീരുമാനം ആകാതെ വന്നതിനാൽ ആറാം ദിവസം പോലീസ് സാഹസികമായ ഒരു പോരാട്ടത്തിലൂടെ എറിക് ഓൾസനെ കീഴ്പെടുത്തുകയും ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്തു .അറസ്റ്റിൽ ആയ എറിക് ഓൾസനെതിരെ കോടതിയിൽ സാക്ഷി പറയാനോ ,അയാൾക്ക് എതിരായി മറ്റെന്തിലും ചെയ്യാനോ ഒന്നും ബന്ദിയാക്കപ്പെട്ട ആരും ഒരു കോടതിയിലും വന്നില്ല എന്ന് മാത്രമല്ല ,ഓൾസനെ മോചിപ്പിക്കാൻ ആവശ്യമായ നിയമ ,സാമ്പത്തിക സഹായങ്ങൾ അവർ നൽകുകയും ചെയ്തു .ബന്ദിയാക്കപ്പെട്ടവർ സ്വീഡിഷ് പ്രധാനമന്തിയോട് പോലീസ് ഓൾസനെ പീഡിപ്പിക്കുന്നത് നിർത്തി സ്വാതന്ത്രമാക്കണം എന്നുവരെ പറഞ്ഞു എന്നതാണ് ചരിത്രം .ബന്ദിയാക്കപ്പെട്ട ആളുകളുടെ ഇത്തരം പെരുമാറ്റത്തിലെ അസ്വാഭാവികതകൾ എങ്ങനെ ആലോചിച്ചിട്ടും മനസിലാകാത്ത കോടതിയും പോലീസും അവസാനം പ്രഗത്ഭരായ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടുകയും ചെയ്തു .ഒടുവിൽ ഈ മാനസികാവസ്ഥയെ അവർ ഇങ്ങനെ നിർവജിച്ചു . തടവിൽ ആകുന്ന ആളിന് തടവിൽ ആക്കിയ ആളിനോട് വളരെ പതിയെ തോന്നുന്ന താൻ അയാളുടെ അടിമയാണെന്ന ബോധവും അത് വഴി ഉണ്ടാകുന്ന ദയയും ,കരുണയും ,സ്നേഹവും ,കീഴടങ്ങലും എല്ലാം കൂടിച്ചേർന്ന ഈ മാനസികാവസ്ഥയെ അവർ സ്റ്റോക്ക്ഹോം സിൻഡ്രോം എന്ന് പേരും ഇട്ടു .
പിന്നീട് ഇത്തരം ഒരുപാട് സംഭവങ്ങൾ ചരിത്രത്തിൽ സ്റ്റോക്‌ഹോം സിൻഡ്രോം ആയി ബന്ധപെട്ടുണ്ടായിട്ടുണ്ട് .പ്രത്യേകിച്ചും തീവ്രവാദക്യാമ്പുകളിൽ ഒക്കെ അകപ്പെട്ടു പോകുന്ന ആളുകൾക്ക് ഇത്തരം സിൻഡ്രോം പലകാലങ്ങളിൽ ഉണ്ടായതായി ഈ ചരിത്രത്തിൻറെ ഭാഗമായയുള്ള പഠനങ്ങളിൽ പറയുന്നു .
നമുക്ക് കുറേകൂടി എളുപ്പത്തിൽ മനസിലാക്കാൻ നമുക്ക് കുറച് മലയാള സിനിമകൾ നോക്കാം .
അഴകിയ രാവണൻ എന്ന മലയാള സിനിമയിൽ ഭാനുപ്രിയ അവസാനം മമ്മൂട്ടിയോട് കാൽതൊട്ട് വണങ്ങി പറയുന്ന ഒരു ഡയലോഗ് ഉണ്ട് - "വെറുത്ത് വെറുത്ത് വെറുപ്പിൻറെ അവസാനം കുട്ടിശ്ശങ്കരനെ എനിക്കിപ്പോ ഭയങ്കര ഇഷ്ട്ടാ " .നമ്മളൊക്കെ കണ്ണുനീർ വാർത്ത് കയ്യടിച്ച ക്ലൈമാക്സ് .കൂട്ടിശങ്കരൻ ശരിക്കും ഒരു സ്വാർത്ഥൻ മാത്രം ആയിരുന്നു .ഇഷ്ടപെട്ട ആളെ കിട്ടാൻ വേണ്ടി അവൾക്കു ചുറ്റും ഉള്ളതിനെ ഒക്കെ വിലക്ക് വാങ്ങിയ ഒരു സാഡിസ്റ്റ് ,എന്നിട്ടും കുട്ടിശങ്കരന് നമ്മൾ കയ്യടിച്ചു .പാവം നായികയുടെ സ്റ്റോക്ക് ഹോം സിൻഡ്രോം നമ്മൾ ആഘോഷിക്കുക ആയിരുന്നു .
രാവണപ്രഭു എന്ന സിനിമയിൽ തട്ടിക്കൊണ്ടു വന്ന് ബന്ദിയാക്കിവെച്ച നായകൻ ആയ കാർത്തികേയനോട് നായികയായി ജാനകി ഒരു ദിവസം പറയുന്നത് "രാവണാ ചിലപ്പോളൊക്കെ എനിക്കിവിടം ഇഷ്ട്ടമാകുന്നുണ്ട് ,ചിലപ്പോഴൊക്കെ നിന്നെയും എന്നാണ് .
മലയാളസിനിമയിൽ എന്നല്ല ലോക സിനിമയിൽ തെന്നെ സ്റ്റോക്‌ഹോം സിൻഡ്രോം ഗ്ലോറിഫൈ ചെയ്ത റിലേഷൻസ്/പ്രണയങ്ങൾ ഏറെയാണ് .ഇതൊന്നും സ്റ്റോക്‌ഹോം സിൻഡ്രോം ആണെന്നറിഞ്ഞ് സിനിമാക്കാർ ചെയ്തതല്ല.നമ്മുടെ പൊതുബോധം അതാണ് .ആ പൊതുബോധത്തെ തൃപ്തിപ്പെടുത്തുക എന്നതാണ് സിനിമയെ കൊമേർഷ്യൽ വിജയം ഉണ്ടാകുന്നത് .അതുകൊണ്ട് അവർ ഒരു മാറ്റവും ഇല്ലാതെ അത് തുടരുന്നു .നമ്മൾ കയ്യടിക്കുന്നു .
ഇനി നമുക്ക് നമ്മുടെ വർക്ക് പ്ലേസിലേക്കും ,സോഷ്യൽ സ്പേസിലേക്കും ഒക്കെ വരാം .ഒന്നാലോചിച്ചു നോക്കു ,ജീവിതത്തിൽ എപ്പോഴൊക്കെ നമ്മൾ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടോ ? ആളുകൾ അവരുടെ ഇഷ്ടത്തിന്റെ കഥകളും ,കണക്കുകളും പറഞ്ഞും ,നമ്മളെ അവരുടെ ഇമോഷൻസിന് ചുറ്റും കറങ്ങാൻ പാകത്തിൽ മാത്രം ഉള്ള ഒരു പാവയാക്കി മാറ്റുകയോ ,അല്ലെങ്കിൽ ആളുകളുടെ അധികാരം ,പണം ,സ്ഥാനം എല്ലാം പ്രയോജനപ്പെടുത്തി അവരുടെ കൂടെ മാത്രം നിർത്തി ,നമ്മുടെ ചുറ്റുമുള്ള എല്ലാറ്റിനെയും നമ്മളിൽ നിന്നകറ്റി നമ്മളെ ആ ഒരാളിലേക്ക് മാത്രം അടുപ്പിക്കാൻ ഉള്ള ശ്രമം നിങ്ങളോട് ആരെങ്കിലും നടത്തിയിട്ടുണ്ടോ ?
അവരുടെ അധികാരവും ,നമ്മുടെ ഭയവും ,അയാളില്ലെങ്കിൽ എനിക്കിനി രക്ഷയില്ല എന്ന ബോധത്തിൽ അങ്ങനെ ആരോടെങ്കിലും ജീവിതത്തിൽ നമുക്ക് ഇഷ്ടമോ ,അടുപ്പമോ ,മുഴുവനായും ഉള്ള വിധേയത്വമോ തോന്നിയിട്ടുണ്ടോ ? ഉണ്ടെന്നനാണ് നിങ്ങളുടെ ഉത്തരം എങ്കിൽ നമ്മൾ സ്റ്റോക്‌ഹോം സിൻഡ്രോം എന്ന മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ആളുകൾ ആണ് .നമ്മുടെ വർക്ക് സ്പേസിലും സോഷ്യൽ സ്പേസിലും ഒക്കെ അങ്ങനെ സംഭവിക്കുന്നുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് .കാരണം എന്റെ കരിയറിന്റെ ഒക്കെ തുടക്കത്തിൽ ഇത്തരത്തിൽ ഉള്ള ഇൻസെക്യൂർ ബോധങ്ങൾ എന്ന ബാധിച്ചിട്ടുണ്ട് എന്ന് പറയാൻ എനിക്കൊരു മടിയുമില്ല .
ഇനി സോഷ്യൽ മീഡിയയുടെ കാര്യം എടുക്കാം.എങ്ങനെയാണ് സോഷ്യൽ മീഡിയ നമ്മുടെ ബോധ്യങ്ങളുടെ മുകളിൽ അവരുടെ അജണ്ടകൾ ഫീഡ് ചെയ്ത് നമ്മളെ തടവിൽ ആക്കുന്നതെന്ന് നോക്കാം .
ലോകം അതിന്റെ കമ്മ്യൂണിക്കേഷൻ ഏറെക്കുറെ ഡിജിറ്റൽ ആയ കാലത്ത്, അതും നമ്മുടെ ഇന്ററാക്ഷൻ ഏറെയും സോഷ്യൽ മീഡിയ ടൂളുകൾ വഴി ആയ കാലത്ത് ഈ മീഡിയകൾ എങ്ങനെയാണ് നമ്മളെ ഇത്രമേൽ സ്വാധീനിക്കുന്നത് എന്നുനോക്കാം .ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ ഫേസ് ബുക്കിന്റെ കാര്യം തെന്നെ എടുക്കാം ,നമ്മൾ ഒക്കെ വർഷങ്ങൾ ആയി ഫേസ് ബുക്ക് ഉപയോഗിക്കുന്നവർ ആയിരിക്കും .ഈ വർഷങ്ങൾക്കിടയിൽ നമ്മുടെ ഫ്രണ്ട്‌സ് ,നമ്മുടെ ഇഷ്ട്ടങ്ങൾ ,നമ്മുടെ ചിന്തകൾ എല്ലാം വളരെ മാറിയിട്ടുണ്ടാകും .എന്നാൽ നമ്മൾ അന്നും ഇന്നും രാവിലെ എണിറ്റു കഴിഞ്ഞാൽ നോക്കുന്ന ഒരു സാധനമായി ഫേസ്ബുക് മാറിയിട്ടുണ്ട് .ചില ആളുകൾ അവിടെ ഫേസ്ബുക്കിന് പകരം അത് ഇൻസ്റ്റാഗ്രാം ആകിയിട്ടുണ്ടാകും ,രണ്ടായാലും ഒരേ കമ്പനിയുടെ തെന്നെ പ്രോഡക്റ്റ് ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം .എങ്ങനെയാണ് ഫേസ് ബുക്കും ,ഇൻസ്റ്റഗ്രാമും ഒക്കെ ഇത്രയും വർഷങ്ങൾ നമ്മളെ അവിടെ തെന്നെ മടുപ്പിക്കാതെ പിടിച്ചു നിർത്തിയിട്ടുണ്ടാവുക ? സോഷ്യൽ മീഡിയ കമ്പനികൾ അത്ര ഗംഭീരമായാണ് അവരുടെ അൽഗോരിതം ഡിസൈൻ ചെയ്തിട്ടുള്ളത് .അവരുടെ അൽഗോയുടെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രാറ്റജിയുടെ പേരാണ്
- എൻഗേജ്മെന്റ് : എന്താണ് സോഷ്യൽ മീഡിയ എൻഗേജ്മെന്റ് .നമ്മൾ പോലും അറിയാതെ നമ്മളെ എങ്ങനെ ആണവർ ഇത്രമേൽ എൻഗേജ് ചെയ്യിക്കുന്നത് .എൻഗേജ്മെന്റ്സ് എന്ന് പറയുന്നത് .ഒരു യൂസർ എത്ര സമയം സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ ചിലവഴിക്കുന്നുണ്ട് എന്നുള്ളതിനെ പറയുന്ന വാക്കാണ് . എങ്ങനെയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ നമ്മുടെ എൻഗേജ്മെന്റ് ടൈം കൂട്ടുന്നത് എന്ന് നോക്കാം .നമ്മൾ ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും എല്ലാം ചെയ്യുന്ന പിക്ചർ ,പോസ്റ്റ് ,വീഡിയോസ് അതുപോലെ നമ്മൾ ഫോളോ ചെയ്യുന്ന ആളുകൾ എന്നിവയൊക്കെ നിർമിതബുദ്ധി (AI ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു മനസിലാക്കി അതുമായി ബന്ധപ്പെട്ട കൊണ്ടെന്റ് നമുക്ക് എപ്പോളും തന്നു കൊണ്ടിരിക്കുക എന്നതാണ് ഇതിനവർ ഉപയോഗിക്കുന്ന വിദ്യ .ഉദാഹരത്തിന് നമ്മൾ വർഗീയത പ്രചരിപ്പിക്കുന്ന കോൺടെന്റ് ഉള്ള വീഡിയോസ് കാണുന്ന ആളാണ് എന്നിരിക്കട്ടെ പിന്നീട് നമ്മുടെ ഫീഡിലേക്കു അങ്ങനെയുള്ള കോൺടെന്റ് ആകും ഫേസ്ബുക്ക് കൂടുതൽ സജഷൻസ് ആയി തരുക .അങ്ങനെ സ്ഥിരമായി ഇത്തരം കോൺടെന്റ് നമ്മൾ കണ്ടാൽ അറിയാതെ അതാണ് ശരിയെന്നുപോലും ആളുകൾ തെറ്റിദ്ധരിക്കപ്പെടും. ഇനി നമ്മൾ കാണുന്ന കോൺടെന്റ് /അല്ലെങ്കിൽ നമ്മൾ ഫോളോ ചെയ്യുന്ന ആളുകൾ വളരെ റിഗ്രെസ്സീവ് കോൺടെന്റ് പോസ്റ്റ് ചെയ്യുന്ന ആളുകൾ ആണെന്നിരിക്കട്ടെ (റിഗ്രെസ്സീവ് കോൺടെന്റ് എന്തുമാകാം, അത് വയലൻസ് ആകാം, പാട്ട്രിയാർക്കിയെ (ആണാധികാരം ) ഗ്ലോരിഫൈ ചെയ്യുന്ന കോൺടെന്റ് ആകാം,അല്ലെങ്കിൽ അന്ധവിശ്വാങ്ങൾ പ്രചരിപ്പിക്കുന്ന കോൺടെന്റ് ആകാം )സ്ഥിരമായി ഇത്തരം കോൺടെന്റ് കാണുമ്പോൾ അതാണ് ശരിയെന്ന് പതിയെ നമ്മൾ വിശ്വസിച്ചു തുടങ്ങും. സ്വാതന്ത്രമായി ചിന്തക്കാൻ ഉള്ള നമ്മുടെ കഴിവുകളെ എങ്ങനെയാണോ ഒരു തീവ്രവാദി /അല്ലെങ്കിൽ ഒരു ക്രിമിനൽ സ്ഥിരമായി അയാളോടൊപ്പം ഉള്ള ജീവിതത്തിലൂടെ അയാളിൽ നമുക്ക് അനുകമ്പ ഉണ്ടാക്കുന്നത് അതുപോലെ തെന്നെയാണ് സോഷ്യൽ മീഡിയ സ്പേസുകൾ നമ്മുടെ നല്ല ബോധങ്ങളുടെ മുകളിൽ ഒരുകൂട്ടം ആളുകളുടെ പൊളിറ്റിക്കൽ/ക്രിമിനൽ /വയലൻസ് അജണ്ട നമ്മളിൽ അധിപത്യം സ്ഥാപിക്കുന്നത്.
ഇതാണ് സ്റ്റോക്ക്ഹോം സിൻഡ്രോം എന്നതിനെ പറ്റി ഈ കുറഞ്ഞ സമയത്തിൽ പറയാൻ ഉള്ളത് .
ഇനി നമുക്ക് രണ്ടാമത്തെ കഥ പറയാം
യുവാൽ നോവോ ഹരാരിയുടെ ഇന്റർനാഷണൽ ബേസ്ഡ് സെല്ലെർ ആയ പുസ്തകം ആണ് "സാപിയൻസ് - മനുഷ്യരാശിയുടെ ഹ്രസ്വചരിത്രം ".മനുഷ്യൻറെ ഉല്പത്തിയെ പറ്റി പറയുന്ന ആദ്യഭാഗങ്ങളിൽ ഒന്നിൽ നമ്മുടെ പൂർവികരായ ചിമ്പാൻസിയെ പറ്റി പറയുന്നത് ഇങ്ങനെയാണ് - നമ്മുടെ ബന്ധുക്കളായ ചിമ്പാൻസി സാധാരണ ജീവിക്കുന്നത് അനേകം അംഗങ്ങളുടെ ചെറിയ കൂട്ടമായിട്ടായിരിക്കും .അവർ അടുത്ത സൗഹൃദം സ്ഥാപിക്കുകയും ,ഒരുമിച്ചു വേട്ടയാടുകയും ,ശത്രുക്കൾക്ക് എതിരെ (അത് ചിലപ്പോൾ മറ്റൊരു കൂട്ടം ചിമ്പാൻസി തെന്നെ ആയിരിക്കും ) ഒരുമിച് യുദ്ധം ചെയ്യുകയും ചെയ്യും .അവരുടെ ഒരു സാമൂഹിക ഘടന ഉച്ചനീചത്വകളുടെ തട്ടുകളായാണ് ,അതായത് ശക്തി ഉള്ളവനും ,ഇല്ലാത്തവനും - വലിയവനും ,ചെറിയവനും -സ്ത്രീയും,പുരുഷനും തുടങ്ങി ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ള വേര്തിരിവുകളുടെ വേറെയൊരു വേർഷൻ ആയിരുന്നു ചിമ്പാൻസികളുടെ സാമൂഹിക ഘടന .ഇതിൽ ഒരു ചിമ്പാൻസി ആയിരിക്കും ഇതിലെ ലീഡർ ,സ്വാഭാവികമായും അത് ഒരു ആൺ ചിമ്പാൻസി ആയിരിക്കും .ഈ ആൺ ചിമ്പാൻസിയെ പറയുന്ന പേരാണ് ഒന്നാം പുരുഷൻ അഥവാ ആൽഫ മെയിൽ എന്നത് .മറ്റ് പുരുഷന്മാരും ,സ്ത്രീകളും തങ്ങളുടെ വിധേയത്വം ആൽഫ മെയിലിനോട് അവന് മുൻപിൽ വണങ്ങിയും ,കാണുമ്പോൾ പ്രത്യേക ശബ്ദമുണ്ടാക്കിയും ഒക്കെയായിരുന്നു .
നോക്കു ,ചിമ്പാൻസിയുടെ കാലം ഒക്കെ കഴിഞ് മനുഷ്യൻ ഇന്ന് ഈ 2022 ൽ ടെക്നോളോജിയുടെ യുഗത്തിൽ നമ്മൾ മോസ്റ്റ് മോഡേൺ ആണെന്നൊക്കെ സ്വയം അഹങ്കരിക്കുന്ന ഈ കാലത്തും ചിമ്പാൻസിയിടെ അടിസ്ഥാപനപരമായ സാമൂഹിക ഘടനയിൽ നിന്നോ ,ആൽഫ മെയിൽ ബിംബങ്ങളിൽ നിന്നോ നമ്മൾ പുറത്തുവന്നിട്ടുണ്ടോ ? ഇല്ല എന്നതല്ലേ സത്യം .ആ സാമൂഹിക ഘടന നമുക്കിടയിൽ സൃഷ്ടിച്ചെടുത്ത ആൽഫ മെയിൽ ബോധങ്ങളെ പുതിയ കാലത്തിൽ ഇവിടുത്തെ പൊതുബോധം എല്ലാം കൂടി ഗ്ലോറിഫൈ ചെയ്ത ഫീച്ചേഴ്സ് എല്ലാം കൂടി ചേർന്ന സ്വഭാവ സവിശേഷത ആണ് ടോക്സിക് മസ്കുലാനിറ്റി .
ഈ ടോക്സിക് മസ്കുലാനിറ്റി അല്ലെങ്കിൽ ആൽഫ മെയിൽ എന്ന് കേൾക്കുമ്പോൾ ഇത് സ്ത്രീകൾക്ക് എതിരെയുള്ള എന്തോ സംഭവം ആണെന്ന് ആരും തെറ്റിധരിക്കേണ്ട .ഇത് പാർശ്വവത്കരിക്കപ്പെട്ട എല്ലാ മനുഷ്യരെയും ജീവിതം ദുരിതപൂർണമാക്കുന്ന ഒരു പ്രതിഭാസം ആണ് .അതിൽ സ്ത്രീകൾ ഉണ്ട് ,സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ള ആളുകൾ ഉണ്ട് .സാമ്പത്തികമായും ,സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ആളുകൾ ഉണ്ട് ,ദളിതൻ ഉണ്ട് ,ട്രാൻസ്ജൻഡർ ഉണ്ട് അങ്ങനെ ഈ സമൂഹം സൈഡ് ലൈൻ ചെയ്തു വെച്ച എല്ലാ ആളൂകളും ഉണ്ട് .
എങ്ങനെയാണ് നമുക്ക് നമ്മുടെ തെന്നെ ജീവിതത്തിൽ ഈ ടോക്സിക് മസ്കുലാനിറ്റിയെ തിരിച്ചറിയുക .നമ്മുടെ തെന്നെ അനുഭവങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞു ഇതിനെ വിശദീകരിക്കാൻ നോക്കാം .
1 . അടിച്ചമർത്തപ്പെടുന്ന വികാരങ്ങൾ - നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മൾ ഒരുപാട് തവണ കേട്ടിട്ടുള്ള ഒരു ഡയലോഗ് ആകും "ആണായാൽ കരയാൻ പാടില്ലടാ ,എപ്പോളും സ്ട്രോങ്ങ് ആയി നിൽക്കണം ",മനുഷ്യൻറെ സ്വാഭാവികമായ ഇമോഷൻസിനെ എക്സ്പ്രസ്സ് ചെയ്യാതെ അടക്കിപ്പൂട്ടി വെച്ചോളാൻ ആണ് സമൂഹം ആണിനോട് പറയുന്നത് . എന്താണിതിന്റെ റിസൾട്ട് എന്നോർത്തിട്ടുണ്ടോ ? .ഒന്നുകിൽ ഇതെല്ലം ഉള്ളിൽ വെച്ച് കൊണ്ട് നടന്ന് ഒരു ദിവസം ഡിപ്രെഷൻ ആകും .പക്ഷെ ആ അവസ്ഥ പോലും തുറന്ന് പറയാൻ മടിയുള്ളവരാണ് നമ്മൾ .ഇനി ആരോടെങ്കിലും പറഞ്ഞാലോ "നിനക്കെന്താ വട്ടാണോ "എന്ന പുച്ഛം നിറഞ്ഞ ചോദ്യങ്ങൾ ആകും നമ്മൾ കേൾക്കേണ്ടി വരിക .ആണുങ്ങൾക്ക് ഇതൊന്നും സാധാരണ രീതിയിൽ വരാൻ പാടുള്ളതല്ല എന്ന ഒരു ബോധം നമ്മുടെ വീട്ടിടങ്ങളിൽ പോലും ഉണ്ട് .എന്താണിതിന്റെ ഫലം .ഇതൊന്നും എവിടെയും പറയാനോ ,ഒന്ന് കരയാനോ കഴിയാതെ ചില ആളുകൾ ആത്മഹത്യ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കും .ആത്മഹത്യാ നിരക്കിൽ സ്ത്രീകളെക്കാൾ 4 ഇരട്ടി കൂടുതൽ ആണ് പുരുഷ ആത്മഹത്യകൾ എന്ന് ഇതിനോടൊപ്പം ഓർക്കുന്നത് നല്ലതാകും ..വ്യക്തിപരമായി ഡിപ്രെഷൻ എന്ന അവസ്ഥയിൽ കൂടി പോയ ഒരാളെന്ന നിലക്ക് അതിന്റെ മോശം വശങ്ങളും അത് മറ്റൊരാളോട് പറയാൻ ഉള്ള മടിയും ,പറഞ്ഞവർ തെന്നെ അതിനോട് പ്രതികരിച്ച രീതിയുമൊക്കെ വെച്ച് ഞാൻ അതിജീവിച്ച അവസ്ഥയാണ് ഇതെന്ന് എനിക്ക് പറയാൻ കഴിയും .നിങ്ങളുടെ കാര്യങ്ങൾ സ്വയം മനസ്സിൽ ഓർക്കുക
2 . എല്ലാറ്റിനും ഇവിടെ ഞാൻ ഉണ്ട്/ രക്ഷകൻ റോൾ (ഷമ്മി ഹീറോയാടാ) : നമ്മുടെ വീട്ടിടങ്ങളിൽ ആയാലും , വർക്ക് പ്ലേസിൽ ആയാലും നമുക്കിടയിൽ എപ്പോളും ഉള്ള ചില ആൺബോധ്യങ്ങൾ ആണിത് .ഇവിടെ എല്ലാം ഞാൻ തീരുമാനിക്കും ,എൻറെ തീരുമാനത്തിന് മുകളിൽ ആരും വേണ്ട .എന്നോട് ചോദിക്കാൻ ആരും വളർന്നിട്ടില്ല എന്ന ബോധം .ഇതിൻറെ ദുരന്തഫലം എന്നും അനുഭവിക്കുന്നത് അവർക്ക് ചുറ്റുമുള്ള സ്ത്രീകളോ ,പാർശ്വവത്കരിക്കപ്പെട്ട കൂടെയുള്ള മറ്റുള്ളവരോ ആയിരിക്കും .ആണുങ്ങളെ ഈ എല്ലാറ്റിനും ഞാൻ ഉണ്ട് എന്ന കാരണവർ ഭാവം, അതിന്റെ ഗ്ലോറിഫിക്കേഷൻ ഏറ്റവും കൂടുതൽ ഉള്ള ഇടം നമ്മുടെ വീട് തന്നെയാണ്. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ ഇതിനെ ഏറെയും ഗ്ലോറിഫൈ ചെയ്യുന്നത് സ്ത്രീകൾ ആണെന്നുള്ളതാണ് സത്യം.മകൻറെ ആൺ വീരത്തങ്ങൾ പറഞ്ഞുനടക്കുന്ന നമ്മുടെ അമ്മമാർ മുതൽ കാമുകൻറെ /സുഹൃത്തിന്റെ /ഭർത്താവിന്റെ ഇത്തരം വീരസ്യം ഗ്ലോറിഫൈ ചെയ്യുന്ന സ്ത്രീകൾ തെന്നെയാണ് ആൺ ഭീകരതയുടെ ഏറ്റവും വലിയ എനെർജിയും .എല്ലാവരും അങ്ങനെ ആണെന്നല്ല .എങ്കിലും ഒരു വലിയ കൂട്ടം അങ്ങനെ ആണെന്ന് തന്നെയല്ലെ ശരി ? നിങ്ങൾ ഞങ്ങളെ നിരുത്സാഹപ്പെടുത്തു ,എങ്കിലേ ഞങ്ങൾക്ക് ഈ കാര്യത്തിൽ ഒരു എവൊല്യൂഷൻ ഉണ്ടാകു എന്നേ പറയുന്നുള്ളു
സ്ത്രീകളുടെ, മറ്റു പാർശ്വവത്കരിക്കപ്പെട്ട ആളുകളുടെ രക്ഷകന്റെ വേഷം സ്വയം ഏറ്റെടുക്ക എന്നുള്ളതാണ് ടോക്സിക് മാസ്ക്കൂലിനിയുടെ മറ്റൊരു സവിശേഷ സ്വഭാവം.നമ്മൾ ഇത്തരകാരോട് നമ്മുടെ എന്തെങ്കിലും ഒരു ബുദ്ധിമുട്ടോ പ്രശ്നങ്ങളോ പറഞ്ഞെന്നിരിക്കട്ടെ, പിന്നീട് നമ്മുടെ അച്ഛന്റെയോ, ആങ്ങളയുടെയോ, അല്ലെങ്കിൽ നമ്മുടെ തെന്നെ സൂപ്പർ ബോസ്സ് ആകാൻ ഉള്ള ശ്രമം ആകും - "ഇനിയൊക്കെ ഞാൻ നോക്കിക്കോളാം എന്നൊരു ലൈൻ ". പിന്നീട് ബുദ്ധിമുട്ട് പറഞ്ഞ ആൾക്ക് ഒരു മഹാഭാരം ആയി മാറും ഇത്തരം ടോക്സിക് ആളുകൾ.നമുക്ക് ചുറ്റുമുള്ള ആളുകളെ നമ്മളിൽ നിന്ന് അകറ്റി ആളുകളിൽ ഒരു ഇൻസെക്യൂരിറ്റി നിറച്ച് എപ്പോഴും ആളുകളെ തനിക്ക് ചുറ്റും നിർത്തി ഒരു രക്ഷകന്റെ കപട ഇമേജ് സൃഷ്ച്ചെടുക്കുക എന്നതും ഇതിന്റെ സവിശേഷമായ ഗുണങ്ങളിൽ ഒന്നാണ്.
എല്ലാം എന്നോട് ചോദിച്ച് ചെയ്യുക, നീ ഒരു പൊട്ടിയാണ് / പൊട്ടനാണ് ബോധം മറ്റുള്ളവരിലേക്ക് അടിച്ചേല്പിച് എപ്പോഴും ഡോമിനേറ്റ് ചെയ്യാൻ ശ്രമിക്കുന്ന സ്ട്രാറ്റെജി ആയിരിക്കും ഇത്തരക്കാരുടെ മെയിൻ ഐറ്റം.
കുമ്പളങ്ങി നൈറ്റ്സ് ലെ ഷമ്മി ഒരു നല്ല ഉദാഹരണം ആണ് .
3.കലിപ്പന്റെ കാന്താരി :
ഇത് അറിയാത്ത ആളുകൾ ഇന്നുണ്ടാകില്ല. അത്രയ്ക്ക് അധികം ട്രോൾ വീഡിയോസ് സോഷ്യൽ മീഡിയയിൽ ഉള്ളൊരു കോൺടെന്റ് ആണ് കലിപ്പന്റെ കാന്താരി. എന്താണെന്ന് ചുരുക്കി പറയാം. നമ്മുടെ ആൺ /പെൺ ബന്ധത്തിന്റെ ഒരു ഗ്ലോറിഫൈഡ് ടെമ്പ്ലേറ്റ് ആണിത്. ഇതിലെ കലിപ്പൻ എപ്പോഴും കുറച്ച് ഡോമിനേറ്റിംഗ് ആയി താൻ ആണ് കാന്താരിയുടെ രക്ഷകൻ എന്ന ഒരു ഉത്തവാദിത്വബോധത്തിൽ എപ്പോഴും ചെറിയ ബലം പിടുത്തത്തിൽ ആയിരിക്കും. പിന്നെ കാന്താരിയുടെ ഫേസ്ബുക് /ഇൻസ്റ്റാഗ്രാം /വാട്സ്ആപ്പ് /മൊബൈൽ ഫോൺ ഇതിന്റെയൊക്കെ പാസ്സ്‌വേർഡ്, ഇതൊക്കെ ഏത് സമയത്തും അനുവാദം കൂടാതെ തനിക്കെടുക്കാനും പരിശോധിക്കാനും അധികാരം ഉണ്ടെന്ന ഒരു ബോധ്യവും ഉള്ള ആളാവും. തനിക്ക് ഇഷ്ടമില്ലാതെ എന്തെങ്കിലും കാന്താരിയുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ പിന്നെ കാന്താരിയോട് തെറിപ്പാട്ട് നടത്താൻ അവകാശവും ഉള്ള ആളാണ് കലിപ്പൻ. കലിപ്പൻ മെസേജ്, വാട്സ്ആപ്പ് അയച്ചാൽ പെട്ടന്ന് തെന്നെ റിപ്ലൈ, കാൾ വിളിക്കുമ്പോൾ ബിസി ആകാൻ പാടില്ല എന്നതൊക്കെ ആൽഫ മയിലിന് ടോക്സിക് മാസ്കുലിനിറ്റിയുടെ ഭാഗമായുള്ള പ്രിവിലേജ് ആണ്.
എന്നാൽ ഇവിടെ കലിപ്പൻ മാത്രം അല്ല തെറ്റുകാരൻ .പ്രണയത്തിന്റെ കാല്പനികമായ ലോകത്തിന്റെ ആദ്യനാളുകളിൽ കാമുകി ഇതെല്ലം ആണ് പ്രണയം എന്ന ചിന്തയിൽ ഇതെല്ലം ആസ്വദിക്കുകയും ഇതിനെയെല്ലാം തുറന്ന മനസോടുകൂടി ഗ്രീൻ സിഗ്നൽ കാണിക്കുകയും ചെയ്യും .ഏതു റിലേഷനിലും നമ്മുടെ പ്രൈവറ്റ് സ്പേസ് കണ്ടെത്തുക എന്നത് ഓരോരുത്തരുടെയും പേർസണൽ ചോയ്സ് ആണെന്നുള്ളത് കൊണ്ട് ഇതിനെ പറ്റി കൂടുതൽ പറയുന്നില്ല .ഒരുപാട് ദൂരം പോയി പിന്നീടൊരിക്കൽ ഈ റിലേഷനിൽ എനിക്ക് എന്റെ മാത്രമായി ഒരു സ്പേസ് ഇല്ല എന്ന തിരിച്ചറിവിൽ സങ്കടപെടുന്ന ഒരുപാട് സുഹൃത്തുക്കളെ വ്യകതിപരമായി നേരിട്ടറിയാം .ഈ കലിപ്പത്തരം ഒക്കെ ആണ് ശരിയെന്ന് തീർത്തും വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു .അതുകൊണ്ട് ഇതും എന്റെ കൂടെ അനുഭവം ആണ് .
4.എല്ലായിടത്തും വിജയിക്കുക.
ഒരിടത്തും തോൽക്കാൻ പാടില്ലാത്തവർ ആണ് നമ്മൾ എന്ന ബോധ്യം ആണ് നമ്മളിലേക്ക് കുത്തിവെക്കുന്ന ഏറ്റവും മാരക വൈറസ്. എന്തും നേടിയാൽ മാത്രമേ ജീവിതം പൂർണമാവുകയുള്ളു എന്നതൊക്കെ അടിമുടി വിശ്വസിക്കുന്ന നമ്മൾക്ക് പതിയെ മാറ്റാരാളുടെ 'നോ' പോലും അംഗീകരിക്കാൻ പറ്റാത്ത മാനസികാവസ്ഥയിൽ നമ്മളെ എത്തിക്കുന്നു. ഈ മാനസികാവസ്ഥയാണ് പ്രേമിക്കുന്ന പെണ്ണ് 'നോ' പറയുമ്പോളോ, അല്ലെങ്കിൽ സ്നേഹത്തിന്റെ കാലത്ത് നമ്മൾ വല്ലാണ്ട് ടോക്സിക് ആകുമ്പോൾ ഗതികെട്ട് 'നോ' പറയുമ്പോളോ നമുക്ക് അക്‌സെപ്റ്റ് ചെയ്യാൻ പറ്റാത്തത്. കാരണം അത്തരം 'നോ' നമ്മുടെ ആണത്തം തെന്നെ ഇല്ലാതെ ആകുന്നതാണ് എന്നാണ് നമ്മളിൽ നിറക്കപ്പെട്ടിട്ടുള്ള പൊതുബോധം.അത് പിന്നീട് കുത്തികൊല്ലൽ ,ആസിഡ് ഒഴിക്കൽ ,ആളുകളെ പൊതുമധ്യത്തിൽ വ്യക്തിഹത്യ ചെയ്യുക തുടങ്ങിയ കലാപരിപാടികളിലേക്ക് എത്തും .
പരസ്പരം രണ്ട് വ്യക്തികൾ ആണ് എന്ന ബഹുമാനം നിലനിർത്തി ആളുകളെ ഇഷ്ടപ്പെടാൻ എന്നാണ് നമ്മുടെ സമൂഹം പാകത കൈവരിക്കുക ? . നഷ്ടപ്പെട്ടവരെ ,റീജെക്ഷൻ അതി സുന്ദരമായി അക്‌സെപ്റ് ചെയ്ത് ജീവിച്ച മനുഷ്യരെ ഗ്ലോറിഫൈ ചെയ്യുന്ന പൊതുബോധം എന്നെങ്കിലും ഒക്കെ ഇവിടെ നിർമിക്കപ്പെടുമായിരിക്കും .ആളുകളെ നമ്മുടെ കണ്ടിഷനിംഗിൽ ജീവിക്കാൻ നിര്ബന്ധിക്കാതെ സ്വതന്ത്രമായ വ്യക്തികൾ ആയി ജീവിക്കാൻ ഉള്ള ഇടം ആണിതെന്ന് ഉറക്കെ പറയുന്ന പുതിയ തലമുറ ഇവിടെ ഉണ്ടാകുക ചെയ്യണം .നമ്മുടെ തൊഴിലിടങ്ങൾ അത്തരം ജനാധിപത്യ രീതികളുടേത് കൂടി ആക്കാൻ നമ്മുക്ക് കഴിയട്ടെ .
ചെമ്മീനിലെ പരീക്കുട്ടി നമുക്ക് ഒരിക്കലും ഹീറോ അല്ല .കാമുകിയെ നഷ്ട്ടപ്പെട്ട് മനസമൈനേ പാടിയെ തോൽവി ആയാണ് നമ്മൾ എപ്പോഴും പരീക്കുട്ടിയെ പ്രെസെന്റ് ചെയ്തിട്ടുണ്ടാകുക.
ടോക്സിക് മാസ്കുലനിറ്റി ആയി ബദ്ധപ്പെട്ട കാര്യങ്ങളിൽ ഇത്രമേൽ പരസ്യമായ ഫീമെയിൽ അബൂസ് ,മതപരമായ അധിക്ഷേപങ്ങൾ , നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപങ്ങൾ നടക്കുന്ന ഇടം വേറെയില്ല. ബോഡി ഷെമിങ് മുതൽ ഓൺലൈൻ ആയി സദാചാരം പഠിപ്പിക്കുന്ന ആങ്ങളമാരുടെ നീണ്ടനിരയുള്ള സോഷ്യൽ മീഡിയ ഇടങ്ങൾ സ്ത്രീകളോട്, പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരോട് കാണിക്കുന്ന ടോക്സിക് ബിഹാവിയർ ആളുകൾ ഉണ്ടാകുന്ന മെന്റൽ ട്രോമ എത്രമേൽ വലുതാണെന്ന് നമുക്ക് ചുറ്റിലും ഉള്ള കാഴ്ചകളിൽ നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്.ആൽഫ മെയിൽ ആകാനുള്ള ടിപ്സ് പഠിപ്പിക്കുന്ന യൂട്യൂബ് ചാനൽ വരെയുണ്ട് സോഷ്യൽ മീഡിയയിൽ..അതിന്റെയൊക്കെ വ്യൂവേർഷിപ് മില്യൺ കണക്കിനാണ് എന്നുള്ളതാണ് സോഷ്യൽ മീഡിയ ഇതിന് എത്രമേൽ റീച് കൊടുക്കുകയും ,ഈ മെസ്സേജ് തെറ്റായ രീതിയിൽ ആളുകളിലേക്ക് എത്തിക്കുക്കയും ചെയ്യുന്നു എന്നുള്ളിടത്താണ് സോഷ്യൽ മീഡിയ ടൂളുകൾ ഇവിടെ ഈ കാലത് ഇത്രമേൽ പ്രസകതമാകുന്നത് .
നമ്മുടെ തൊഴിലിടങ്ങൾ ഇതിൽനിന്നും ഏറെയൊന്നും വ്യത്യസ്തമല്ല എന്നതാണ് സത്യം.സമൂഹം എത്രയൊക്കെ പ്രോഗ്രസ്സീവ് ആണെന്ന് പറയുമ്പോളും പഴയ ജന്മി - കുടിയാൻ ശൈലിയിൽ നിന്നും അടിസ്ഥാന പരമായി നമ്മൾ എത്രയൊക്കെ മാറി എന്നത് നമ്മൾ ഈ കാലത്തും ചിന്തിക്കേണ്ടതാണ്. പുതിയ കാലത്തെ HR പോളിസികൾ സെർവെൻറ് ലീഡേഴ്‌ഷിപ്പും, എംപ്ലോയീസ് ഫ്രണ്ട്‌ലി പോളിസികൾ കൊണ്ടുവരുമ്പോളും ഈ സിസ്റ്റം നടത്തികൊണ്ട് പോകേണ്ട ആളുകൾ എത്രമേൽ തൊഴിലിടങ്ങളിൽ ജനാധിപത്യ മര്യാദയും, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കേൾക്കുകയും ചെയ്യാറുണ്ട് എന്നുള്ളത് നമ്മൾ ഓരോത്തരും നമ്മളോട് തെന്നെ ചോദിക്കേണ്ടതാണ്.
വർക്ക് പ്ലേസ് ഹാറസ്മെന്റ്, വർക്ക് പ്ലേസിലെ സെക്ഷ്വൽ ഹാരസ്മെന്റ് ഈ രണ്ട് കാര്യങ്ങളെ പറ്റി നമ്മളിൽ എത്രപേർ അറിവുള്ളവർ ആണെന്ന് എനിക്കറിയില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനും നീതി ഉറപ്പാക്കാനും ഇന്റെർണൽ കംപ്ലൈന്റ്സ് കമ്മിറ്റികൾ നമ്മുടെയെല്ലാം സ്ഥാപനങ്ങളിൽ ഉണ്ടെന്നത് നമുക്ക് എത്രപേർക്കറിയാം. ഈ കാലം, ഇവിടുത്തെ നിയമങ്ങൾ നമുക്ക് അനുവദിച്ചു തന്നിട്ടുള്ള എല്ലാം ആസ്വദിക്കാൻ ഉള്ള എല്ലാ റൈറ്റ്സും നമുക്ക് ഉണ്ടെന്നിരിക്കെ നമ്മുടെ അവകാശങ്ങൾ അറിയുകയും, അത് ഉയർത്തിപിടിക്കുകയും, അതിനെ പറ്റി മറ്റുള്ളവരെ ബോധവാന്മാർ ആക്കുകയും വഴി മാത്രമാണ് നമ്മുടെ തൊഴിലിടങ്ങളിൽ നിന്ന് ഇത്തരം മോശം ശീലങ്ങളെ നമുക്ക് എടുത്ത് മാറ്റി, മനുഷ്യരെ അവരുടെ ജൻഡറിന്റോയോ, മറ്റു കുറവുകളുടെയോ അടിസ്ഥാനത്തിൽ മാറ്റി നിർത്താതെ, കഴിവിൽ കുറഞ്ഞു പോയ മനുഷ്യരെ ഒരു കളിയാക്കലിൽ പോലും മനസുകൊണ്ട് ഉടഞ്ഞു പോകുന്ന മനുഷ്യരെ കൂടെയും കൂടെ നിർത്തി ജനാധിപത്യ മര്യാദയുടെ, പരസ്പര ബഹുമാനത്തിന്റെ തൊഴിലിടങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാക്കി പൂർണമായും പൊളിറ്റിക്കളി കറക്റ്റ് ആയ ഒരു മനുഷ്യൻ ആകുക എന്നത് വളരെ പെട്ടന്ന് അസാധ്യമായത് തെന്നെയാണ് .എങ്കിലും 100 /അല്ലെങ്കിൽ 200 വർഷം മുൻപത്തെ സോഷ്യൽ സെറ്റപ്പുകളിൽ നിന്ന് മാറി നമുക്ക് എവൊല്യൂഷൻ സംഭവിക്കണം എങ്കിൽ അത് നമ്മൾ ചെറിയ രീതിയിൽ എങ്കിലും അതിനായി ശ്രമിച്ചാൽ മാത്രമേ നടക്കു എന്നതാണ് നേര് .നല്ല തൊഴിലിടങ്ങൾ ഉണ്ടാക്കാൻ /നല്ല സോഷ്യൽ സ്പേസ് ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങളിൽ നമുക്ക് ഒരുമിച് മുന്നോട്ട് പോകാൻ കഴിയട്ടെ .
പറഞ്ഞ കാര്യങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതൊന്നും വ്യക്തിപരമല്ല എന്ന് തിരിച്ചറിയുക .ഈ കാലത്തു നമ്മൾ എല്ലാവരും ഉള്ളൊരിടത് പറയാൻ ഇതിനേക്കാൾ നല്ലൊരു സോഷ്യൽ പൊളിറ്റിക്സ് വേറെയില്ല എന്ന് തോന്നി .അതുകൊണ്ട് കൂടിയാണ് കുറച്ചൊക്കെ ഡ്രൈ സബ്ജെക്റ്റ് ആയിട്ടും ഇതുതന്നെ എടുത്തത് .
എല്ലാവർക്കും നന്ദി ,സ്നേഹം ,കെട്ടിപിടുത്തം
Read more on www.linesh.in
Good thoughts... Some of these concepts, never knew there was a name tagged to it. Keep scribbling...
ReplyDelete👏👏👍👍
ReplyDelete