ചോളന്മാരുടെ കേരള ആക്രമണങ്ങളും ,അനന്തര ഫലങ്ങളും - കേരളത്തിൻറെ സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ
9,10 നൂറ്റാണ്ടുകളിൽ കേരളം ഭരിച്ചിരുന്നത് ചേര രാജാക്കന്മാർ ആയിരുന്നു.കുലശേഖരരാജാക്കന്മാരു ടെ (ചേരരാജാക്കന്മാർ )ഭരണത്തിൽ കീഴിൽ ഏറെക്കുറെ സമാധാനപരമായിരുന്നു 9,10 നൂറ്റാണ്ടുകളിലെ കേരളം.എന്നാൽ എ.ഡി. 999 ആയപ്പോഴേക്ക് ചോളന്മാർ കേരളത്തിനെതിരായ അവരുടെ ആക്രമണപരമ്പര ആരംഭിച്ചു. പതിനൊന്നം നൂറ്റാണ്ടിന്റെ അവസാനം വരെ നീണ്ടുനിന്ന ഈ ചോള - ചേര യുദ്ധമാണ് നൂറ്റാണ്ട് യുദ്ധം എന്നറിയപ്പെടുന്നത്.ഈ യുദ്ധം കേരളത്തിന്റെ അതുവരെയുള്ള സാമൂഹിക ഘടനയെതെന്നെ മാറ്റി മറിക്കുന്നതായിരിന്നു.
ചോള-ചേരയുദ്ധം, കേരളത്തിലെ സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ നമ്പൂതിരി ബ്രാഹ്മണരുടെ സ്വാധീനശക്തിയെ വമ്പിച്ച തോതിൽ വളർത്തുകയുണ്ടായി. ഈ യുദ്ധകാലസംഭവവികാസങ്ങൾക്കിട യിലാണ് കേരളത്തിന്റെ ജന്മിസമ്പ്രദായം ആവിർഭവിച്ചത്. ഒൻപതും പത്തും നൂറ്റാണ്ടുകളിൽ പരോപകാരതത്പരരായ ജനങ്ങളും സമ്പന്നരായ കച്ചവടക്കാരും ധാരാളം ഭൂസ്വത്ത് ക്ഷേത്രങ്ങൾക്കും അവയുമായി ബന്ധപ്പെട്ട വിദ്യാ ശാലകൾക്കും നൽകിയിരുന്നു. ക്ഷേത്രങ്ങളുടെ ഊരാളന്മാരായിരുന്ന ബ്രാഹ്മണർ ചോള-ചേരയുദ്ധകാലത്ത് ഈ സ്വത്തൊക്കെ ദുർവ്വിനിയോഗം ചെയ്യുകയും ആദായം സ്വന്തമാക്കുകയും ചെയ്തു. യുദ്ധത്തിന്റെ ആപൽക്കരമായ ഒരു ഘട്ടത്തിൽ സാധാരണജനങ്ങളിൽ അസംഖ്യംപേർ തങ്ങളുടെ ഭൂസ്വത്തു മുഴുവനും ബ്രാഹ്മണർക്കും ക്ഷേത്രങ്ങൾക്കും കൈമാറ്റം ചെയ്യുകയുണ്ടായി. യുദ്ധത്തിന്റെ കെടുതികൾ ബ്രഹ്മസ്വവും ദേവസ്വവുമായ വസ്തുവകകളെ ബാധിക്കുകയില്ലെന്നും നികുതിയിൽ നിന്നൊഴിയാമെന്നും കരുതിയാണ് അവർ അങ്ങനെ ചെയ്തത്. ഈ സാഹചര്യത്തിൽ ആണ് കേരളത്തിൽ ജന്മി സമ്പ്രദായം രൂപം കൊണ്ടതും , നമ്പൂതിരിമാർ വൻകിട ജന്മികളായി തീർന്നതും.
11-ാം നൂറ്റാണ്ടിൽ ചോള-ചേരയുദ്ധം ഉളവാക്കിയ അസാധാരണ പരിതഃസ്ഥിതിയിലാണ് കേരളത്തിൽ മക്കത്തായം ക്രമേണ ക്ഷയിച്ച് മരുമക്കത്തായം നിലവിൽ വന്നതെന്നു കരുതാം. ആ യുദ്ധകാലത്ത് നമ്പൂതിരി ബ്രാഹ്മണർക്കു രാഷ്ട്രീയമായും മതപരമായും കൈവന്ന പ്രാമാന്യവും ജന്മിമാരെന്ന നിലയിൽ അവർക്കു ലഭിച്ച വമ്പിച്ച സാമ്പത്തികാധികാരവും ചോരാക്രമണത്തെ നേരിടാനേർപ്പെടുത്തിയ നിർബ്ബന്ധിതസൈനിക പരിശീലനവും ചാവേർപ്പടയുടെ രൂപവത്കരണവും നമ്പൂതിരിമാരുടെ സംബന്ധമേർപ്പാടും ആണ് എ.ഡി. 11-ാം ശതകത്തിൽ കേരളത്തിലെ ജനങ്ങളെ മരുമക്കത്തായം സ്വീകരിക്കാൻ പ്രേരിപ്പിച്ച മുഖ്യസാഹചര്യങ്ങൾ.
ചോള-ചേരയുദ്ധം കേരളത്തിന്റെ വിദേശബന്ധങ്ങളെ വിച്ഛേദിക്കുകയും തത്ഫലമായി വിദേശവാണിജ്യത്തിൽനിന്നുണ്ടായി രുന്ന വരവു കുറയുകയും ചെയ്തു. നേരത്തെ വിദേശ വാണിജ്യത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരുന്ന പലരും രാജ്യത്തിന്റെ പ്രതിരോധത്തിൽ ചേരുകയുണ്ടായി.നീണ്ടുനിന്ന ചേര -ചോള സംഘട്ടനത്തിനിടയ്ക്ക് കേരളത്തിലെ സമൂഹഘടനയും പൂർവ്വാധികം സങ്കീർണ്ണമായിത്തീർന്നു. ജൈന-ബൗദ്ധമതങ്ങൾ കേരളത്തിൽനിന്നു മറയുകയും ഹിന്ദുസമുദായം ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുകയും ചെയ്തു. ബ്രാഹ്മണമേധാവിത്വത്തിന്റേതായ പുതിയ യുഗം ആരംഭിച്ചു. ഇതോടെ, പൂർവ്വകാലത്ത് രാജ്യത്തെ ഒന്നിച്ചു നിർത്തിയിരുന്ന ആഭ്യന്തരക്യത്തിന്റെയും കെട്ടുറപ്പിന്റെയും ബന്ധങ്ങൾ മറ്റുപോകാൻ ഇടയായി; തൽസ്ഥാനത്തു ഭിന്നതയും ശൈഥില്യവും പ്രത്യക്ഷപെട്ടു.
മുകളിൽ പറഞ്ഞ സാമൂഹിക സാമ്പത്തികവ്യതിയാനങ്ങൾക്കു പുറമേ ഈ ശതകത്തിൽ കേരളത്തിന്റെ രാഷ്ട്രീയൈക്യം തകരുകയും ചെയ്തു. മുമ്പിലത്തെ രണ്ടു നൂറ്റാണ്ടുകളിൽ കുലശേഖരന്മാരുടെ കേന്ദ്രീകൃതഭരണത്തിൽ കേരളം സമാനഭാവമായ ഒരൊറ്റ സാമ്രാജ്യമായിരുന്നു. അന്ന് ഭരണത്തിന്റെ സുശക്തമായ നിയന്ത്രണത്തിലാണ് നാടുവാഴികൾ നടത്തിയിരുന്നത്. ഏതായാലും യുദ്ധം മൂലം നിലവിൽ വന്ന അസാധാരണ സ്ഥിതിഗതികളിൽ, 11-ാം നൂറ്റാണ്ടിൽ കേന്ദ്രാധികാരം ദുർബ്ബലമാവും ശിഥിലീകരണപ്രവണതകൾ വളർന്നുവരികയും ചെയ്തു. ഈ സാഹ നാടുവാഴികൾക്കു സ്വന്തം സ്വാതന്ത്ര്യം ഉറപ്പിച്ചെടുക്കാൻ അനുകൂലമായിരുന്നു.ആകയാൽ കുലശേഖരഭരണത്തിന്റെ ഉത്തരഘട്ടത്തിൽ ഒട്ടേറെ കിടരാജ്യങ്ങൾ കേരളത്തിലെങ്ങും ഉയർന്നുവരികയുണ്ടായി. പിന്നീട് ഈ നാട്ടുരാജ്യങ്ങളുടെ കിട മത്സരങ്ങൾ ആണ് പോർട്ടുഗീസും, ഡച്ചും, ബ്രിട്ടിഷും ഒക്കെ കേരളത്തിന്റെ മണ്ണിൽ ആധിപത്യം ഉറപ്പിക്കാൻ ഏറെക്കുറെ കാരണമായത്.
ചുരുക്കി പറഞ്ഞാൽ ചോളന്മാർ ചേരസാമ്രാജ്യത്തിൽ നടത്തിയ അധിനിവേശവും അക്രമവും അത്രയ്ക്ക് ഭീകരമായ ഒരവസ്ഥതിയിലേക്കാണ് കേരളത്തെ പിന്നീടുള്ള കാലങ്ങളിൽ കൊണ്ടത്തിച്ചത്.
** പൊന്നിയിൽ സെൽവൻ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ കണ്ടപ്പോൾ എഴുതിയത്
www.linesh.in
Comments
Post a Comment